ഡല്‍ഹി: ഗില്‍ജിത്-ബാള്‍ട്ടിസ്ഥാനെ പാകിസ്ഥാന് അനധികൃതമായി പിടിച്ചെടുക്കുകയാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. മേഖലയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുണ്ടെന്നും ഇന്ത്യ ആരോപിച്ചു. ഇന്ത്യയുടെ ഭാഗമായ ഭൂപ്രദേശങ്ങളില്‍ മാറ്റം വരുത്താനും ഏകപക്ഷീയമായി പിടിച്ചെടുക്കാനുമുള്ള പാക് നീക്കങ്ങളെ അംഗീകരിക്കാനാവില്ല. കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മുകശ്മീര്‍, ലഡാക്ക് എന്നിവയിലുള്‍പ്പെടുന്ന ഗില്‍ജിത്-ബാള്‍ട്ടിസ്ഥാനും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്താവ പറഞ്ഞു.
പാകിസ്ഥാന്റെ അനധികൃതമായ കൈയടക്കലുകള്‍ മേഖലയില്‍ അവര്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെ ഇല്ലാതാക്കുന്നില്ല. ഇന്ത്യന്‍ പ്രദേശങ്ങളുടെ തല്‍സ്ഥിതി മാറ്റാനുള്ള നീക്കങ്ങളില്‍ നിന്ന് പാകിസ്ഥാന് പിന്മാറണം. അനധികൃതമായ എല്ലാതരം കൈയേറ്റങ്ങളും ഒഴിവാക്കി പാകിസ്ഥാന് മേഖലയില്‍ നിന്ന് പിന്‍വലിയണമെന്നും വിദേശകാര്യമന്ത്രാലയം വക്താവ് ആവശ്യപ്പെട്ടു.
ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ പ്രവിശ്യ പദവി നല്കി ഇമ്രാന് ഖാന് ഉത്തരവിറക്കിയിരുന്നു. രാജ്യത്തിന്റെ അഖണ്ഡതയെ സംരക്ഷിക്കാന്‍ ശക്തമായ ഒരു സൈന്യമുണ്ടെന്നും ഇമ്രാന് പറഞ്ഞിരുന്നു. ഇക്കാര്യത്തിലാണ് ഇന്ത്യയുടെ പ്രതികരണം പുറത്ത് വന്നിരിക്കുന്നത്.
Discussion about this post