വാഷിംഗ്ടൺ : ഇന്ന് യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രചരണങ്ങൾ അവസാനിപ്പിച്ച് വേറെ പ്രതീക്ഷയോടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മുൻ അമേരിക്കൻ വൈസ് പ്രസിഡന്റ് ജോ ബൈഡനും. അവസാന നിമിഷം വരെ പ്രചാരണത്തിന്റെ തിരക്കുകളിലായിരുന്നു ഇരുവരും.
സർവേകളിൽ ബൈഡന് നേരിയ മുൻതൂക്കമുണ്ടെങ്കിലും, നിർണായക പ്രദേശത്തെ വോട്ടർമാർ ട്രംപിനെ തുണച്ച ചരിത്രമാണുള്ളത്. ഫ്ലോറിഡ, പെൻസിൽവേനിയ, അരിസോണ എന്നിവിടങ്ങളിലെ വോട്ടർമാരുടെ വോട്ടുകൾ ഏറ്റവും ശക്തിയുള്ളതാണെന്ന് തെരഞ്ഞെടുപ്പ് വിദഗ്ധർ പറയുന്നു. ഇന്നലെ നോർത്ത് കരോലിന, പെൻസിൽവേനിയ, മിഷിഗൺ, വിസ്കോൻസിൻ എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടന്ന 5 റാലികളിലാണ് ട്രംപ് പങ്കെടുത്തത്. ജോ ബൈഡൻ ക്ലെവെലാൻഡ്, ഒഹിയോ, പെൻസിൽവേനിയ എന്നിവിടങ്ങളിൽ നടന്ന റാലികളിലും പങ്കെടുത്തു. തപാൽ വോട്ടുകൾ എണ്ണാൻ സമയമെടുക്കും എന്നതിനാൽ, ഇന്ന് രാത്രി തന്നെ വ്യക്തമായ ഉത്തരം ലഭിക്കാൻ സാധ്യതയില്ല.
മുൻകൂറായി വോട്ടു രേഖപ്പെടുത്താൻ സൗകര്യമുള്ളതിനാൽ ഇതിനോടകം തന്നെ 93 മില്യൺ പേർ വോട്ടു ചെയ്ത് കഴിഞ്ഞെന്നാണ് നിഗമനം. ട്രംപിന് അമേരിക്കയിലുള്ള ഇന്ത്യക്കാരുടെ വോട്ട് ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. രാജ്യത്ത് 2.5 മില്യൺ ഇന്ത്യൻ-അമേരിക്കൻ വോട്ടർമാരുണ്ടെന്നാണ് റിപ്പോർട്ടുകൾ. കോവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ചൊവ്വാഴ്ച അമേരിക്കയിൽ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചത് 90 ലക്ഷം പേരെയാണ്. മാത്രമല്ല, വൈറസ് 2,30,000 പേരുടെ ജീവൻ അപഹരിക്കുകയും ചെയ്തിരുന്നു.
Discussion about this post