വിയന്ന : കഴിഞ്ഞ ദിവസം ഓസ്ട്രിയയിലെ വിയന്നയിലുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്. ഇന്നലെ നടന്ന ആക്രമണത്തിൽ 4 പേരാണ് കൊല്ലപ്പെട്ടത്. തങ്ങളുടെ ‘ സാമ്രാജ്യത്തിലെ പോരാളി’യാണ് ഈ അക്രമത്തിനു പിന്നിലെന്ന് ഐ.എസ് വെളിപ്പെടുത്തുകയായിരുന്നു.
ആസ്ട്രിയൻ- മാസിഡോണിയൻ ഇരട്ട പൗരത്വമുള്ള ഐ.എസ് അനുഭാവിയായ കുജ്തിം ഫെജ്സുലൈ എന്ന ഇരുപതുകാരനാണ് ആക്രമണം നടത്തിയത്. വിയന്നയിലുള്ള കലാഷ്നികോവിലെ തിരക്കുള്ള ഭാഗങ്ങളിൽ വെടിയുതിർത്ത കുജ്തിമിനെ പോലീസ് കൊലപ്പെടുത്തിയിരുന്നു. തീവ്രവാദ പ്രവർത്തനങ്ങളുടെ പേരിൽ ഇയാളെ നേരത്തെ ജയിൽ ശിക്ഷയ്ക്ക് വിധിച്ചിരുന്നതാണ്. എന്നാൽ, കുജ്തിം നേരത്തെ പുറത്തിറങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിനു ശേഷമാണ് കുജ്തിം മാത്രമാണ് ആക്രമണം നടത്തിയതെന്ന് പോലീസ് കണ്ടെത്തിയത്. വേറാരുടെയും സാന്നിധ്യം പോലീസിന് കണ്ടെത്താനായിട്ടില്ല.
അതേസമയം, ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി റെയ്ഡ് നടത്തിയ പോലീസ് ഇതുവരെ 14 പേരെയാണ് അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട കുജ്തിമിന്റെ കമ്പ്യൂട്ടറിൽ നിന്നും നിർണായകമായ പല വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്നാണ് സൂചനകൾ.
Discussion about this post