മുംബൈ: മുംബൈയിൽ അൽഖ്വയ്ദ ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. വിമാനത്താവളമാണ് ഭീകരർ ലക്ഷ്യമിടുന്നതെന്നും രഹസ്യാന്വേഷണ ഏജൻസികൾ വിവരം നൽകുന്നു. ഡിസംബർ 26 ന് മുംബൈ വിമാനത്താവളത്തിൽ ഒരു വലിയ ഭീകരാക്രമണം ഉണ്ടായേക്കാമെന്നാണ് അലേർട്ട്. ഇതിനായി 22 പേരടങ്ങുന്ന ഭീകരസംഘം തയ്യാറെടുപ്പുകൾ തുടങ്ങിയതായി രഹസ്യാന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു.
തീവ്രവാദികളുടെ സംഘം പരസ്പരം നിരന്തരം ബന്ധപ്പെടുന്നതായി രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുംബൈയിൽ ഒരു വലിയ ഭീകരാക്രമണം നടത്തിയാൽ ഓരോ തീവ്രവാദിക്കും 20 ലക്ഷം രൂപ വീതം പാരിതോഷികം നൽകുമെന്നാണ് ഭീകരസംഘടനകളുടെ വാഗ്ദാനമെന്നും വിവരം ലഭിച്ചിട്ടുണ്ട്. കൃത്യമായ വിവരങ്ങൾ രഹസ്യാന്വേഷണ ഏജൻസികൾ മുംബൈ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ നിന്ന് അൽഖ്വയ്ദ ഭീകര സംഘടനയിലെ മദ്രസ അധ്യാപകനെ ദേശീയ അന്വേഷണ ഏജൻസി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
അബ്ദുൾ മോമിൻ മണ്ഡൽ എന്ന ഭീകരനാണ് അറസ്റ്റിലായത്. സംഘടനയ്ക്കായി പുതിയ അംഗങ്ങളെ പരിശീലിപ്പിക്കുന്നതും തീവ്രവാദ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നതിന് സാമ്പത്തിക സഹായം സമാഹരിക്കുകയുമായിരുന്നു ഇയാളുടെ പ്രധാന ജോലി. ഇയാളിൽ നിന്നാണ് മുംബൈയിൽ ആക്രമണം നടത്താനുള്ള പദ്ധതി സംബന്ധിച്ച് വിവരം ലഭിച്ചത്.
Discussion about this post