കൊച്ചി: ചിങ്ങമാസത്തിലെ അഷ്ടമി രോഹിണി, ഭക്തിയുടെയും പ്രണയത്തിന്റെയും വാത്സല്യത്തിന്റെയും അവതാരമായ കൃഷ്ണഭഗവാന് പിറന്ന ജന്മാഷ്ടമി. ചിങ്ങമാസത്തിലെ അഷ്ടമിയും രോഹിണിയും ചേര്‍ന്ന ദിവസമാണിത് .
ശ്രീകൃഷ്ണജയന്തി ദിനമായ ഇന്ന് കേരളം അമ്പാടിയായി മാറും. ഗ്രാമനഗര ഭേദമന്യേ കേരളം ഇന്ന് ശ്രീകൃഷ്ണ ലീലകളാല്‍ നിറയും. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് അയ്യായിരത്തിലേറെ കേന്ദ്രങ്ങളില്‍ ഇന്ന് ശോഭായാത്രകള്‍ നടക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട, തൃശൂര്‍, കൊല്ലം എന്നീ മഹാനഗരങ്ങളിലും മറ്റ് ജില്ലാ കേന്ദ്രങ്ങളിലും മഹാശോഭായാത്രകള്‍ നടക്കും. ഗുരുവായൂര്‍ ക്ഷേത്രം ഉള്‍പ്പെടെ സംസ്ഥാനത്തെ ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ ഇന്ന് പ്രത്യേക പൂജകളും ആഘോഷങ്ങളും ഉണ്ടാകും. ഉറിയടി തുടങ്ങിയ മത്സരങ്ങളും ശ്രീകൃഷ്ണ കഥാപ്രവചനങ്ങളും വിവിധ കേന്ദ്രങ്ങളില്‍ നടക്കും.
ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ആയിരം ശോഭായാത്രകള്‍ സംഘടിപ്പിക്കും. വീഥികളില്‍ നിറയുന്ന ഉണ്ണികണ്ണന്മാരും രാധമാരും കാണികളുടെ ഉള്‍പ്പുളകങ്ങള്‍ ഏറ്റുവാങ്ങും. ശ്രീകൃഷ്ണനെ ഗുരുവായി കാണുന്ന ബാലഗോകുലം കുട്ടികള്‍ക്ക് ഉല്ലസിക്കാനുള്ള ബാലദിനം കൂടിയാണ് ശ്രീകൃഷ്ണജയന്തി. ‘നാടിനു കാവ്, വീടിനു ഗോവ്, മണ്ണിനും മനസ്സിനും പുണ്യം’എന്നതാണ് ഈവര്‍ഷത്തെ ശ്രീകൃഷ്ണജയന്തി സന്ദേശം. കാവുകളും കുളങ്ങളും നശിപ്പിക്കാതെ സൂക്ഷിച്ച് പ്രകൃതി സംരക്ഷണം ഉറപ്പാക്കുക, ഗോസംരക്ഷണത്തിലൂടെ വേദ സംസ്കാരത്തെ നിലനിര്‍ത്തുക എന്ന കാര്യം ശ്രീകൃഷ്ണജയന്തി ആഘോഷത്തിലൂടെ സമൂഹത്തെ ബോധവല്‍കരിക്കും. ആഘോഷങ്ങളുടെ ഭാഗമായി പതാകാദിനം, ഗോപൂജകള്‍, ശ്രീകൃഷ്ണ ഭജനസന്ധ്യകള്‍, കുടുംബ സംഗമങ്ങള്‍ എന്നിവ നടന്നു കഴിഞ്ഞു.
Discussion about this post