ഗൂഗിള്‍ പേ, വാള്‍മാര്‍ട്ടിന്റെ ഫോണ്‍പേ, പേടിഎം തുടങ്ങിയ, യുപിഐ പേമെന്റ് സേവനദാതാക്കളെ നിയന്ത്രിക്കാനുള്ള നീക്കവുമായി ഇന്ത്യ. ഇന്ത്യയുടെ നാഷണല്‍ പേമെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയാണ് (എന്‍പിസിഐ) ഒരു തേഡ് പാര്‍ട്ടി ആപ് പ്രൊവൈഡറും 30 ശതമാനത്തിലേറെ യുപിഐ പേമെന്റ് ഉപയോഗിക്കരുതെന്ന് നിഷ്‌കര്‍ഷിച്ചത്.
യുപിഐ പേമെന്റ് സിസ്റ്റത്തിലെ അപകടങ്ങള്‍ പരിഗണിച്ച ശേഷമാണ് തങ്ങള്‍ പുതിയ തീരുമാനം പ്രഖ്യാപിച്ചതെന്ന നിലപാടാണ് എന്‍പിസിഐ അറിയിച്ചത്. ഇപ്പോള്‍ 30 ശതമാനത്തിലേറെ പേമെന്റ് നടത്തുന്ന കമ്പനികള്‍ക്ക് അതു ഘട്ടംഘട്ടമായി താഴ്ത്തിക്കൊണ്ടുവരാന്‍ 2 വര്‍ഷം സമയം നല്‍കിയിട്ടുണ്ട്. എന്നാല്‍, ചില കാര്യങ്ങളില്‍ വ്യക്തതയില്ലെന്നാണ് പേരു വെളിപ്പെടുത്താന്‍ താത്പര്യമില്ലാത്ത ഒരു മാര്‍ക്കറ്റ് നിരീക്ഷകന്‍ പറഞ്ഞത്.
അടുത്തിടെയാണ് ഫോണ്‍പേക്ക് 25 കോടി റജിസ്റ്റേഡ് ഉപയോക്താക്കളെ ലഭിച്ചത്. ഇവരില്‍ 10 കോടിയിലേറെ പേര്‍ എല്ലാ മാസവും പണമടയ്ക്കുന്നു. ഇവര്‍ ഓക്ടോബര്‍ മാസത്തില്‍ 835 യുപിഐ പണമടയ്ക്കലാണ് നടത്തിയിരിക്കുന്നത്. നിലവില്‍ ഫോണ്‍പേക്ക് 40 ശതമാനത്തിലേറെ മാര്‍ക്കറ്റ് ഷെയറാണ് ഉള്ളതെന്ന് പറയുന്നു. ഗൂഗിള്‍ പേക്ക് 67 ശതമാനം പ്രതിമാസ ഉപയോക്താക്കളാണ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഉണ്ടായിരുന്നത്. ഈ വര്‍ഷത്തെ കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല. 200 കോടിയിലേറെ യുപിഐ പണമടയ്ക്കലാണ് ഒക്ടോബര്‍ മാസത്തില്‍ നടന്നിരിക്കുന്നത്. ഏകദേശം 3.86 ലക്ഷം കോടി രൂപ ഈ രീതിയില്‍ കൈമാറിയിട്ടുണ്ട്. ഒരോ മാസവും യുപിഐ പേമെന്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വളര്‍ച്ച കാണാം.
എന്നാല്‍, എന്‍പിസിഐയുടേത് ഒരു സ്മാര്‍ട് നീക്കമാണെന്നാണ് ഭാരത്‌പേയുടെ സഹസ്ഥാപകന്‍ ആഷ്‌നീര്‍ ഗ്രോവര്‍ പറഞ്ഞത്. 20 ദശലക്ഷം ഉപയോക്താക്കളെ കിട്ടുന്നതോടെ വാട്‌സാപ് പേ ഏകദേശം 30 ശതമാനം മാര്‍ക്കറ്റ് വിഹിതം സമ്പാദിക്കും. ഗൂഗിള്‍ പേയും ഫോണ്‍പേയും 30 ശതമാനത്തിലേക്കു താഴും. ചുരുക്കിപ്പറഞ്ഞാല്‍ ഈ രംഗത്ത് ഒരു കമ്പനിയുടെ മേധാവിത്വം ഉണ്ടാവില്ല. അതിനാല്‍ തന്നെ എന്‍പിസിഐ ഇതു നല്ലതുപോലെ ചിന്തിച്ചു നടപ്പിലാക്കിയതാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. 40 കോടി ഉപയോക്താക്കളുള്ള വാട്‌സാപിനോട് ആദ്യ ഘട്ടത്തില്‍ പരമാവധി 2 കോടി പേരെ ഉള്‍പ്പെടുത്താനാണ് അനുവദിച്ചിരിക്കുന്നത്. അതേസമയം, റിലയന്‍സ് ജിയോയുടെ പേമെന്റ്‌സ് ബാങ്കിന് ഈ നീക്കം ഗുണകരമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. റിലയന്‍സ് ജിയോയ്ക്ക് ബാങ്ക് പെര്‍മിറ്റ് ഉണ്ട് എന്നതാണ് അവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താത്. ബാങ്കിങ് ലൈസന്‍സ് സ്വന്തമാക്കിയ ജിയോ പേമെന്റ്‌സ് ബാങ്ക് തേഡ്-പാര്‍ട്ടി ആപ്പുകളുടെ വിഭാഗത്തില്‍ പെടുകയില്ല.
രാജ്യത്ത് യുപിഐ നിയന്ത്രിക്കുന്നത് എന്‍പിസിഐ ആണ്. അവരാണ് ഇക്കാര്യത്തില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നത്. എന്‍പിസിഐയുടെ തീരുമാനം രാജ്യത്തെ പല യുപിഐ പേമെന്റ് നടത്തുന്നവരെയും അദ്ഭുതപ്പെടുത്തുന്നതായിരുന്നുവെന്നും ഗൂഗിള്‍ പേയുടെ ഇന്ത്യയിലെ മേധാവി സജിത് ശിവാനന്ദന്‍ പറഞ്ഞു. ദൈനംദിന പണമടയ്ക്കലിന്‍ ഗൂഗിള്‍ പേ അടക്കം ഉപയോഗിക്കുന്നവരെ നേരിട്ടു ബാധിച്ചേക്കാവുന്ന ഒരു തീരുമാനമാണിത്. അത് കൂടുതല്‍ ആളുകള്‍ യുപിഐ സിസ്റ്റത്തിലേക്കു കടുന്നുവരുന്നതിനും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാമെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്. പേടിഎം, ഫോണ്‍പേ എന്നീ കമ്പനികള്‍ പുതിയ നീക്കത്തെക്കുറിച്ച് പ്രതികരിച്ചില്ല.
അതേസമയം ചൈനീസ് ടെലികോം കമ്പനികളെ ഇന്ത്യയില്‍ 5ജി വിന്യസിക്കുന്ന കാര്യത്തില്‍ സഹകരിപ്പിക്കണോ എന്ന് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് പറഞ്ഞ ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല പറഞ്ഞത് നിലവിലുള്ള ടെലികോം മേഖലയില്‍ ചൈനയുടെ സാന്നിധ്യം അപാരമാണ് എന്നാണ്. രാജ്യത്തെ ആശയവിനിമയ നെറ്റ്‌വര്‍ക്കുകളില്‍ പുതിയ സുരക്ഷാ സംവിധാനങ്ങളേര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് സർക്കാർ എന്നും അദ്ദേഹം പറഞ്ഞു.
5ജിയുടെ കാര്യത്തില്‍ സർക്കാർ അന്തിമ തീരുമാനം എടുത്തിട്ടില്ല. എന്നാണ് അത് അനുവദിക്കുക എന്നതും, ആര്‍ക്കൊക്കെ സമ്മതം നല്‍കുമെന്ന കാര്യത്തിലും തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള ചൈനമയമായ സംവിധാനങ്ങള്‍ക്ക് പകരംവയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ അവ പൊടുന്നനെ എടുത്തുമാറ്റാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സർക്കാരിന് ടെലികോം മേഖലയില്‍ ചില പ്രത്യേക സുരക്ഷാ സംവിധാനങ്ങളൊരുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതു തങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്, ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ രാജ്യത്ത് 5ജി അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്ന കമ്പനികളുടെ ലിസ്റ്റില്‍ നിന്ന് വാവെയ് അടക്കമുള്ള ചൈനീസ് കമ്പനികളെ അമേരിക്ക നിരോധിച്ചു.
Discussion about this post