തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ച സാഹചര്യത്തിൽ സോളാർ പീഡനക്കേസ് വീണ്ടും സജീവമാകുന്നു. കേസിൽ മുന്‍മന്ത്രി എ.പി. അനില്‍കുമാറിനെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യും. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും.
തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ അന്വേഷണസംഘം മുന്‍മന്ത്രിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ്. 2012 സെപ്തംബര്‍ 29ന് കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന തെളിവെടുപ്പില്‍ പീഡനം നടന്നെന്നു പറയപ്പെടുന്ന മുറിയടക്കം പരാതിക്കാരി പൊലീസിന് കാണിച്ചു കൊടുത്തിരുന്നു.
മലപ്പുറം, ഇടുക്കി എന്നിവിടങ്ങളിലെ ടൂറിസം പദ്ധതികളുടെ കാര്യം പറയാന്‍ വിളിച്ചുവരുത്തിയ ശേഷം പീഡിപ്പിച്ചെന്നാണ് പരാതിക്കാരി മൊഴി നൽകിയിരിക്കുന്നത്. എന്നാൽ ആ പദ്ധതികള്‍ക്ക് മന്ത്രിയുമായി നേരിട്ട് ബന്ധമില്ലെന്ന് കോൺഗ്രസ്സ് ചൂണ്ടിക്കാട്ടുന്നു. പീഡനം നടന്നെന്ന് പറയുന്ന മുറിയിൽ അന്നേ ദിവസം അനിൽകുമാർ താമസിച്ചതിന്റെ രേഖകളും ലഭ്യമല്ല.
അതേസമയം തദ്ദേശതിരഞ്ഞെടുപ്പ് പ്രചാരണത്തിന് സിപിഎം സോളാർ കേസ് വീണ്ടും ആയുധമാക്കുകയാണെന്ന് കോൺഗ്രസ്സ് ആരോപിക്കുന്നു. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം സോളര്‍ കേസ് വീണ്ടും കുത്തിപ്പൊക്കുന്നത് രാഷ്ട്രീയപ്രേരിതമാണെന്നാണ് കോൺഗ്രസിന്റെ വാദം. തദ്ദേശതിരഞ്ഞെടുപ്പിന്റെ പ്രചാരണം നടക്കുന്ന സമയത്ത് തന്നെ യു.ഡി.എഫ് നേതാവിനെ പീഡനക്കേസില്‍ ചോദ്യം ചെയ്യുന്നത് ഗൂഢലക്ഷ്യത്തോടെയാണെന്നും കോൺഗ്രസ് വ്യക്തമാക്കുന്നു.












