കാസർകോട്: ഫാഷൻ ഗോൾഡ് ജൂവലറി നിക്ഷേപത്തട്ടിപ്പ് കേസിൽ പൂക്കോയ തങ്ങൾ ഒന്നാം പ്രതി. മുസ്ലീം ലീഗ് എം എൽ എയായ എം സി കമറുദ്ദീനാണ് കേസിൽ രണ്ടാം പ്രതി. രണ്ട് പ്രതികൾക്കും കേസിൽ തുല്യ പങ്കാളിത്തമാണ് ഉള്ളതെന്ന് റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
വഞ്ചനാക്കുറ്റത്തിന് ഐപിസി 420 പ്രകാരവും വിശ്വാസവഞ്ചനയ്ക്ക് ഐപിസി 406 പ്രകാരവും പൊതുപ്രവര്‍ത്തകനെന്ന ജനസമ്മിതി ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തിയതിന് 409 പ്രകാരവുമാണ് കമറുദ്ദീനെതിരെ കേസ് എടുത്തിരിക്കുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്ന നിയമപ്രകാരവും കമറുദ്ദീനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആകെയുള്ള 115 കേസുകളിൽ എസ്.ഐ.ടി. അന്വേഷിക്കുന്ന 77 കേസുകളിലായി ഖമറുദ്ദീന്‍ ചെയര്‍മാനായ ഫാഷന്‍ ഗോള്‍ഡ് ജൂവലറി 13 കോടിയുടെ തട്ടിപ്പുനടത്തിയതായി തെളിഞ്ഞിട്ടുണ്ട്.
എംഎല്‍എ എന്ന സ്വാധീനമുപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ സാധ്യതയുള്ളതിനാല്‍ കമറുദ്ദീന് ജാമ്യം അനുവദിക്കരുതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടിൽ ആവശ്യപ്പെടുന്നു. ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പുകേസില്‍ എം.സി. ഖമറുദ്ദീന്‍ എം.എല്‍.എ.യെ ശനിയാഴ്ചയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ചന്തേര പോലീസ് സ്റ്റേഷനിലെ മൂന്നുകേസുകളിലാണ് നിലവിൽ അറസ്റ്റ്. കേസിൽ അറുപതോളം സാക്ഷികളെ ഇതുവരെ ചോദ്യം ചെയ്തു. നിക്ഷേകര്‍ക്കുള്ള കരാര്‍ ആണ് തെളിവായി പരിഗണിച്ചിരിക്കുന്നത്.










