കൊച്ചി: സംസ്ഥാന സർക്കാരിന്റെ വെല്ലുവിളി നേരിടാനുറച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേരളത്തിന്റെ മുഴുവൻ നിയന്ത്രണാധികാരമുളള കൊച്ചി മേഖലാ ഓഫീസിന് പുതിയ മേധാവിയെ നിയമിച്ചു. അഹമ്മദാബാദ് ഓഫീസിന്റെ ചുമതലയുണ്ടായിരുന്ന മനീഷ് ഗോധാരയെയാണ് കൊച്ചി ഓഫീസിന്റെ പുതിയ ജോയിന്റ് ഡയറക്‌ടറായി നിയമിച്ചത്. ഗുജറാത്തിൽ മികച്ച സേവനം കാഴ്ചവെച്ച ഗോധാര കേന്ദ്രസർക്കാരിന്റെ വിശ്വസ്തനാണ്.
സ്വർണ്ണക്കടത്ത് അന്വേഷണം വഴിതിരിഞ്ഞ്, സംസ്ഥാനസർക്കാരിന്റെ പദ്ധതിയായ കെ-ഫോണിലേക്ക് ഉൾപ്പടെ നീങ്ങിയതോടെ മുഖ്യമന്ത്രി പിണറായി വിജയൻ എൻഫോഴ്‌സ്‌മെന്റിനെതിരെ രംഗത്ത് വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഒട്ടും വിട്ടുവീഴ്ചയില്ലാത്ത ഉദ്യോഗസ്ഥനായ മനീഷ് ഗോധാരയെ ഇഡി കേരളത്തിലേക്ക് നിയോഗിച്ചിരിക്കുന്നത്.
കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരായി സിപിഎം സമരം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ശക്തമായ നീക്കമാണ് എൻഫോഴ്സ്മെന്റ് നടത്തിയിരിക്കുന്നത്. നിലവിൽ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനുളള നീക്കത്തിലാണ് ഇഡി. കെ-ഫോൺ, ലൈഫ് മിഷൻ രേഖകൾ ശിവശങ്കർ സ്വപ്‌ന സുരേഷിന് ചോർത്തി നൽകിയെന്ന റിപ്പോർട്ടും എൻഫോഴ്സ്മെന്റ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
കേന്ദ്ര അന്വേഷണ ഏജൻസികളെ സമ്മർദ്ദത്തിലാക്കാനാണ് നിയമസഭ പ്രിവിലേജ് ആൻഡ് എത്തിക്‌സ് കമ്മിറ്റി ഇ ഡിയിൽ നിന്ന് വിശദീകരണം തേടിയത് എന്ന ആരോപണം നിലവിലുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഗുജറാത്തിൽ നിന്ന് കേന്ദ്രത്തിന്റെ വിശ്വസ്‌തനായ ജോയിന്റ് ഡയറക്‌ടറെ കേരളത്തിലേക്ക് നിയോഗിച്ചിരിക്കുന്നത്.
Discussion about this post