വാഷിംഗ്ടൺ: തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനു പിന്നാലെ അമേരിക്കൻ പ്രതിരോധ സെക്രട്ടറി മാർക് എസ്പെറിനെ പിരിച്ചു വിട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നാഷണൽ കൗണ്ടർ ടെററിസം സെന്ററിന്റെ ഡയറക്ടറായ ക്രിസ്റ്റഫർ മില്ലറായിരിക്കും ആക്ടിങ് സെക്രട്ടറിയായി പ്രവർത്തിക്കുകയെന്ന് ട്രംപ് അറിയിച്ചിട്ടുണ്ട്.
ഡെപ്യൂട്ടി ഡിഫെൻസ് സെക്രട്ടറിയായ ഡേവിഡ് നോർക്വിസിനെ മാറ്റി നിർത്തിയാണ് ക്രിസ്റ്റഫർ മില്ലറിനെ ആക്ടിങ് സെക്രട്ടറിയായി നിയമിച്ചിട്ടുള്ളത്. ക്രിസ് തീർച്ചയായും ഈ വകുപ്പ് ഭംഗിയായി കൈകാര്യം ചെയ്യുമെന്നും മാർക് എസ്പെറിന്റെ സേവനങ്ങൾക്ക് നന്ദിയറിയിക്കുകയാണെന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചു. മാസങ്ങൾക്കു മുമ്പ് ആഭ്യന്തര കലാപങ്ങൾ ചെറുക്കുന്നതിൽ സൈന്യത്തിന്റെ യഥാർത്ഥ പങ്കെന്താണെന്ന വിഷയത്തിൽ ഭരണകൂടത്തിനുള്ളിൽ ചർച്ച നടന്നിരുന്നു. ഈ ചർച്ചക്കിടയിലാണ് മാർക് എസ്പെറും ട്രംപും തമ്മിലുള്ള ബന്ധം വഷളാവുന്നത്. എസ്പെറിനെ കൂടാതെ എഫ്ബിഐ ഡയറക്‌ടർ ക്രിസ് റേയേയും സിഐഎ ഡയറക്ടർ ജിന ഹസ്പെലിനെയും ട്രംപ് പിരിച്ചു വിടാൻ തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
തിരഞ്ഞെടുപ്പിൽ വിജയിച്ച പ്രസിഡന്റുമാർ ക്യാബിനറ്റ് അംഗങ്ങളെയും പ്രതിരോധ സെക്രട്ടറിയെയും മാറ്റുക പതിവാണ്. എന്നാൽ, പരാജയപ്പെട്ട പ്രസിഡന്റുമാർ പെന്റഗൺ ചീഫ് ഉദ്യോഗസ്ഥരെ സത്യപ്രതിജ്ഞ കഴിയുന്നതു വരെ പിരിച്ചുവിട്ടാൽ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെന്നിരിക്കെയാണ് ട്രംപിന്റെ ഈ നടപടി.
Discussion about this post