ന്യൂഡൽഹി : കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ നിന്നും സൈനികരെ പിൻവലിക്കാൻ ഇന്ത്യ-ചൈന ധാരണയായി. മൂന്നു ഘട്ടങ്ങളിലായിട്ടായിരിക്കും ഇരുരാജ്യങ്ങളും സൈനിക പിൻമാറ്റം നടത്തുക. ഇതിനുള്ള രൂപരേഖ തയ്യാറായിട്ടുണ്ട്.
ഇന്ത്യയും ചൈനയും ഇതുസംബന്ധിച്ചുള്ള കാര്യങ്ങളിൽ ധാരണയിലെത്തിയത് നവംബർ ആറിന് ചുഷുലിൽ നടന്ന എട്ടാം കോർപ്സ് കമാൻഡർ ചർച്ചയിലാണ്. ചർച്ചയിൽ, വിദേശകാര്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി നവീൻ ശ്രീവാസ്തവ, ഡയറക്ടറേറ്റ് ഓഫ് മിലിറ്ററി ഓപ്പറേഷൻസ് ബ്രിഗേഡിയർ ഘായ് എന്നിവരാണ് പങ്കെടുത്തത്.
ചർച്ചയനുസരിച്ച് ഈ വർഷം ഏപ്രിൽ, മെയ് മാസങ്ങളിൽ അതിർത്തിയിലുണ്ടായിരുന്ന സ്ഥിതി പുനഃസ്ഥാപിക്കാനാണ് തീരുമാനം. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന സേന പിന്മാറ്റത്തിൽ ടാങ്കുകൾ, കവചിത വാഹനങ്ങൾ ഉൾപ്പെടെയുള്ളവ യഥാർത്ഥ നിയന്ത്രണരേഖയിൽ നിന്നും നിശ്ചിത അകലത്തിലേക്ക് മാറ്റേണ്ടതുണ്ട്. പാംഗോങ് തടാകത്തിന്റെ വടക്കൻ തീരത്തുനിന്നും രണ്ടാം ഘട്ടത്തിലായിരിക്കും സേന പിൻവാങ്ങുക.
ധാരണപ്രകാരം മൂന്നുദിവസംകൊണ്ട് ഇരുപക്ഷവും 30 ശതമാനം സൈനികരെ ദിവസേന പിൻവലിക്കേണ്ടതായുണ്ട്. മൂന്നാമത്തെ ഘട്ടത്തിലായിരിക്കും പാംഗോങ് തടാകത്തിലെ തെക്കൻ തീരമുൾപ്പെടുന്ന ചുഷൂൽ, റെസാങ് ലാ പ്രദേശങ്ങളിൽ നിന്നും സൈന്യം പിന്മാറുക.








