ബെൽജിയം: ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ അധികാരം തേടി യൂറോപ്യൻ യൂണിയൻ. ഇതു സംബന്ധിച്ച മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും യൂറോപ്യൻ കമ്മീഷൻ ബുധനാഴ്ചയാണ് മുന്നോട്ടുവച്ചത്.
യൂറോപ്യൻ യൂണിയനിലെ 27 അംഗ രാഷ്ട്രങ്ങളും കോവിഡ് കാലഘട്ടത്ത് അനുഭവിച്ച മുൻകരുതലുകളില്ലായ്മയും മെഡിക്കൽ ഉപകരണങ്ങൾ കയറ്റുമതി ചെയ്യുന്നതിലെ നിരോധനവുമടക്കമുള്ള പല ദുരിതങ്ങളും കണക്കിലെടുത്താണ് ഈ നടപടി. ഇനിയൊരു മഹാമാരി പൊട്ടിപ്പുറപ്പെട്ടാൽ കൃത്യസമയത്ത് വേണ്ട നടപടികളെടുക്കാൻ വൈകരുതെന്ന ചിന്തയാണ് ഈ നീക്കത്തിന് പിറകിൽ.
ലോകാരോഗ്യ സംഘടനയ്ക്ക് കനത്ത പ്രഹരമാവുകയാണ് യൂറോപ്യൻ യൂണിയന്റെ ഈ നടപടി. കോവിഡ് രോഗം മഹാമാരിയായി പ്രഖ്യാപിക്കാൻ ലോകാരോഗ്യ സംഘടന അലംഭാവം കാണിച്ചുവെന്ന വ്യാപക പരാതികൾ ലോകത്തിന്റെ നിരവധി ഭാഗങ്ങളിൽ നിന്നും ഉയർന്നിരുന്നു. നിലവിൽ, ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള അധികാരം ലോകാരോഗ്യസംഘടനയ്ക്ക് മാത്രമേ ഉള്ളൂ. എന്നാൽ, ഇനി മുതൽ യൂറോപ്യൻ രാജ്യങ്ങൾക്ക് ബാധിതമായ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ യൂറോപ്യൻ യൂണിയന് അധികാരമുണ്ടായിരിക്കും.











