മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടെ ഓർമ്മക്കുറിപ്പുകൾ വിവാദമാകുന്നു. ‘എ പ്രോമിസ്ഡ് ലാൻഡ്‘ എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെക്കുറിച്ചുള്ള പരാമർശമാണ് വിവാദത്തിലായിരിക്കുന്നത്. പുസ്തകത്തിൽ ‘വിഷയാവഗാഹവും പക്വതയും ഇല്ലാത്ത വിദ്യാർത്ഥി‘ എന്നാണ് ഒബാമ രാഹുലിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
അതേസമയം 2015ൽ ടൈം മാസികയിൽ എഴുതിയ ലേഖനത്തിൽ ഇന്ത്യയുടെ ‘മുഖ്യ പരിഷ്കർത്താവ്‘ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒബാമ വിശേഷിപ്പിച്ചത്. ഈ ലേഖനവും ഇപ്പോൾ ചർച്ചയാവുകയാണ്. ലേഖനത്തിൽ മോദിയെക്കുറിച്ച് പരാമർശിക്കുന്ന ഭാഗം ഇപ്രകാരമാണ്: ‘കുട്ടിക്കാലത്ത് കുടുംബം പുലർത്താൻ നരേന്ദ്ര മോദി ചായ വിൽപ്പനയിൽ പിതാവിനെ സഹായിച്ചിരുന്നു. ഇന്ന് അദ്ദേഹം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ഭരണാധികാരിയാണ്. ദാരിദ്ര്യത്തിൽ നിന്നും പ്രധാനമന്ത്രി പദത്തിലേക്കുള്ള അദ്ദേഹത്തിന്റെ വളർച്ചയുടെ കഥ ആവേശകരവും വൈകാരികവുമാണ്. അത് ഇന്ത്യയുടെ ഉദയത്തിന്റെ കൂടി കഥയാണ്.
ഇന്ത്യക്കാരെ തന്റെ മാർഗ്ഗത്തിലൂടെ നയിക്കാൻ നരേന്ദ്ര മോദിക്ക് സാധിച്ചിട്ടുണ്ട്. ദാരിദ്ര്യ നിർമ്മാർജ്ജനം, വിദ്യാഭ്യാസ പരിഷ്കരണം, സ്ത്രീശാക്തീകരണം, പെൺകുട്ടികൾക്കായുള്ള പദ്ധതികൾ ഇങ്ങനെ ഇന്ത്യ ആഗ്രഹിച്ച പദ്ധതികൾ അദ്ദേഹം നടപ്പിലാക്കി. ഇന്ത്യയുടെ സമ്പദ്ഘടനയിൽ വിപ്ലവം കൊണ്ടു വന്ന അദ്ദേഹം കാലാവസ്ഥാ വ്യതിയാനത്തിന്റെ വിഷയത്തിലും വ്യക്തമായ കാഴ്ചപ്പാട് പുലർത്തി. പ്രാചീനതയെയും ആധുനികതയെയും ഒരേ പോലെ സ്വീകരിക്കുന്ന മോദി ഇന്ത്യയെ പോലെയാണ്. ഒരേ സമയം യോഗയുടെ പ്രചാരകനായി ധ്യാനത്തിലാകുന്ന മോദി അതേ സമയം ട്വിറ്ററിൽ ഡിജിറ്റൽ ഇന്ത്യയെക്കുറിച്ച് വാചാലനാകുന്നു.
അമേരിക്കൻ സന്ദർശന വേളയിൽ നരേന്ദ്ര മോദിക്കൊപ്പം മാർട്ടിൻ ലൂഥർ കിംഗിന്റെ സ്മാരകം സന്ദർശിക്കുകയുണ്ടായി. കിംഗിന്റെയും ഗാന്ധിജിയുടെയും ആശയങ്ങൾ ഞങ്ങൾ ചർച്ച ചെയ്തു. അവ ഇരു രാജ്യങ്ങളുടെയും ആത്മാവിനെയും ശക്തിയെയും സ്വാധീനിച്ചിരിക്കുന്നതായി മനസ്സിലാക്കി. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള സൗഹൃദം ലോകത്തിന് മാതൃകയാണെന്ന് ഞങ്ങൾ വിലയിരുത്തി.‘
അതേസമയം സ്വന്തം വിഷയത്തിൽ അവഗാഹമോ അഭിരുചിയോ ഇല്ലാത്ത വിദ്യാർത്ഥിയാണ് രാഹുൽ ഗാന്ധിയെന്നും അദ്ദേഹം വൃഥാ അദ്ധ്യാപകനെ ആകർഷിക്കാൻ ശ്രമിക്കുകയാണെന്നുമാണ് ഒബാമ ഓർമ്മക്കുറിപ്പുകളിൽ പറഞ്ഞിരിക്കുന്നത്.
Discussion about this post