കശ്മീർ: ഇന്ത്യ-ചൈന അതിർത്തി സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഉത്തരാഖണ്ഡിലുള്ള ബോർഡർ ഔട്ട് പോസ്റ്റുകളുടെ ഏരിയൽ സർവേ നടത്തി ഇന്ത്യൻ സൈനിക മേധാവി ജനറൽ എം.എം നരവനെ. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുള്ള റിംഖിമ്, നിധി, ലാപ്‌ടാൽ എന്നീ ബോർഡർ പോസ്റ്റുകളുടെ ഏരിയൽ സർവേയാണ് അദ്ദേഹം നടത്തിയത്.
ബുധനാഴ്ചയാണ് നരവനെ ഉത്തരാഖണ്ഡിലെത്തുന്നത്. ഉത്തരാഖണ്ഡിലെത്തിയതിനു ശേഷം അദ്ദേഹം ആദ്യം സന്ദർശിച്ചത് ഇന്ത്യ- ചൈന അതിർത്തിയിലെ അവസാനത്തെ ഇന്ത്യൻ ഗ്രാമമായ മാനയാണ്. മാനയ്ക്കു ശേഷം അദ്ദേഹം ജോഷിമഠിലുള്ള ബ്രിഗേഡ് ഹെഡ്ക്വാർട്ടേഴ്സ് സന്ദർശിക്കുകയും അവിടുത്തെ ഉദ്യോഗസ്ഥരുമായി സംവദിക്കുകയും ചെയ്തു. നരവനെ വെള്ളിയാഴ്ച ഉത്തർപ്രദേശിലെ പിത്തോർഗഡും സന്ദർശിക്കുമെന്നാണ് ലഭ്യമായ വിവരങ്ങൾ.
ഇന്ത്യ-ചൈന അതിർത്തിയിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും അതിർത്തിയിൽ വിന്യസിച്ചിട്ടുള്ള സൈനികരുടെ മനോബലം ഉയർത്തുന്നതിനുമായാണ് അദ്ദേഹം ഉത്തരാഖണ്ഡ് സന്ദർശിക്കാനെത്തിയിട്ടുള്ളത്. ഇന്ത്യ- ചൈന അതിർത്തി 3,488 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്നത് ജമ്മു കാശ്മീർ( 1,597 കി.മി), ഹിമാചൽ പ്രദേശ് (200 കി.മി), ഉത്തരാഖണ്ഡ് (345 കി.മി), അരുണാചൽ പ്രദേശ് (1,126 കി.മി) എന്നീ സംസ്ഥാനങ്ങളിലായാണ്. വർഷങ്ങൾക്കുമുമ്പ് ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുള്ള ബരഹോട്ടി പ്രദേശം കയ്യേറാനുള്ള ശ്രമങ്ങൾ ചൈന നടത്തിയിരുന്നു.
Discussion about this post