ധാക്ക: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബംഗ്ലാദേശ് സൂപ്പർ ക്രിക്കറ്റ് താരം ഷക്കീബ് അൽ ഹസന് ഇസ്ലാം മതമൗലികവാദികളുടെ വധഭീഷണി. ഞായറാഴ്ച കൊൽക്കത്തയിലെ കാളീപൂജയിൽ ഷക്കീബ് പങ്കെടുത്തിരുന്നു. ഇതേതുടർന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ തീവ്ര ഇസ്ലാമിസ്റ്റുകൾ ഷക്കീബ് അൽ ഹസനെതിരെ വധഭീഷണിയുമായി രംഗത്തു വന്നത്.
കൊൽക്കത്തയിലെ കാളീ പൂജ സംഘാടകരോടൊപ്പം ഷക്കീബ് നിൽക്കുന്ന ഫോട്ടോ വൈറലായതിനു പിന്നാലെ താരത്തിനെതിരെ ഫേസ്ബുക്ക് ലൈവിലൂടെ വധഭീഷണി മുഴക്കിയത് ബംഗ്ലാദേശിലെ ഷഹ്‌പൂരിലുള്ള മൊഹ്സിൻ താലുക്ദാർ എന്ന വ്യക്തിയാണ്. ഷക്കീബിന്റെ പ്രവർത്തികൾ മുസ്ലിം മതവിശ്വാസികൾക്ക് ചേർന്നതല്ലെന്നും അവരുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണെന്നും ഫേസ്ബുക്ക് ലൈവിൽ മൊഹ്സിൻ പറഞ്ഞു.
വധഭീഷണി മുഴക്കിയതിനു അല്പസമയത്തിനുശേഷം മൊഹ്സിൻ താലുക്ദാർ വീണ്ടും ലൈവിൽ വരുകയും വധഭീഷണി നടത്തിയതിനു മാപ്പ് ചോദിക്കുകയും ചെയ്തു. മാത്രമല്ല, ഷക്കീബ് ഉൾപ്പെടെയുള്ള പ്രമുഖർ നന്മയുടെ പാതയിൽ സഞ്ചരിക്കണമെന്നും രണ്ടാമത്തെ ലൈവിലൂടെ ഇയാൾ അഭ്യർത്ഥിച്ചു.
ഇതിനു പിന്നാലെ, കാളീ പൂജ ഉദ്ഘാടനം ചെയ്തത് താനല്ലെന്നും വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തിയതിൽ താൻ മാപ്പു ചോദിക്കുകയാണെന്നും ഷക്കീബ് പറഞ്ഞു. ഷക്കീബിനെതിരെ വധഭീഷണിയുണ്ടായ സംഭവത്തിൽ പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Discussion about this post