ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ഉയരങ്ങളിലേക്കെത്തിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ. പുതിയ സാങ്കേതിക വിദ്യകൾ വികസിപ്പിക്കാൻ ഒരുമിച്ചു പ്രവർത്തിക്കുന്നതിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
2020 ബംഗളൂരു ടെക് ഉച്ചകോടിയിൽ വീഡിയോ കോൺഫറൻസിങ് വഴി പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഈ വർഷം ജൂണിൽ തന്റെ സുഹൃത്ത് നരേന്ദ്രമോദിയുമായി വെർച്ച്വൽ ആയി നടത്തിയ കൂടിക്കാഴ്ചയിൽ സമഗ്രമായ നയതന്ത്ര പങ്കാളിത്തം ഉറപ്പുനൽകിയിരുന്നുവെന്നും സ്കോട്ട് മോറിസൺ വ്യക്തമാക്കി. ബഹിരാകാശ ഗവേഷണം, ധാതുക്കൾ, 5ജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിൽ ഇന്ത്യയ്ക്കും ഓസ്ട്രേലിയയ്ക്കും സംയുക്തമായി പ്രവർത്തിക്കാനുള്ള അനിയന്ത്രിതമായ സാധ്യതകളുണ്ടെന്ന് ബംഗളൂരു ടെക് ഉച്ചകോടിയിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി പറഞ്ഞു.
2020 ബംഗളൂരു ടെക് ഉച്ചകോടി ഇന്ന് രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം ചെയ്തത്. നവംബർ 19 മുതൽ 21 വരെയായിരിക്കും ഈ വർഷത്തെ ബംഗളൂരു ടെക് ഉച്ചകോടി നടക്കുക. “നെക്സ്റ്റ് ഈസ് നൗ” എന്നതാണ് ഈ വർഷത്തെ ഉച്ചകോടിയുടെ ആശയം. സ്കോട്ട് മോറിസണിനെ കൂടാതെ ഉദ്ഘാടന ചടങ്ങുകളിൽ സ്വിസ്സ് കോൺഫെഡറേഷൻ വൈസ് പ്രസിഡന്റ് ഗയ് പാർമെലിൻ ഉൾപ്പെടെയുള്ള നിരവധി അന്താരാഷ്ട്ര പ്രമുഖർ പങ്കെടുത്തിരുന്നു.
Discussion about this post