പാരിസ്: പാകിസ്ഥാന് യുദ്ധവിമാനങ്ങളും അന്തർവാഹിനികളും നൽകാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഫ്രാൻസ്. നേരത്തെ നൽകാൻ കരാറായിരുന്ന മിറാഷ് യുദ്ധവിമാനങ്ങളും 90ബി ക്ലാസ് അന്തർവാഹിനികളും തൽകാലം നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് ഫ്രാൻസ് കൈക്കൊണ്ടിരിക്കുന്ന പുതിയ നിലപാട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിനെതിരായ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ഫ്രാൻസിന്റെ പുതിയ തീരുമാനം.
കൂടാതെ പാകിസ്ഥാനികളായ സാങ്കേതിക വിദഗ്ധരെ റഫാൽ പോർവിമാനങ്ങളുമായ ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നിന്നും മാറ്റി നിർത്തണമെന്നും ഫ്രാൻസ് ഖത്തറിനോട് ആവശ്യപ്പെട്ടു. സാങ്കേതിക രഹസ്യങ്ങൾ ചോർത്താൻ അവർ ശ്രമിച്ചേക്കുമെന്നും ഫ്രാൻസ് ഖത്തറിന് മുന്നറിയിപ്പ് നൽകി. ഇന്ത്യയുമായി പാകിസ്ഥാൻ അതിർത്തി തർക്കത്തിൽ ഏർപ്പെട്ടിരിക്കുന്നതും ചൈനയുമായി പാകിസ്ഥാൻ സ്വീകരിച്ചിരിക്കുന്ന സൗഹൃദ നിലപാടും ഫ്രാൻസ് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
ഷാർലെ ഹെബ്ദോയുടെ ആസ്ഥാനത്തിന് സമീപം സെപ്റ്റംബറിൽ നടന്ന കത്തിയാക്രമണത്തിൽ പാക് പൗരനായ അലി ഹസൻ പിടിയിലായിരുന്നു. ഈ സംഭവത്തെയും ഫ്രഞ്ച് പ്രസിഡന്റിനെതിരായ പാകിസ്ഥാന്റെ അഭിപ്രായ പ്രകടനങ്ങളെയും ഇന്ത്യ ശക്തമായി അപലപിച്ചിരുന്നു. ഇന്ത്യൻ വ്യോമസേനയിൽ ഫ്രാൻസിൽ നിന്നുള്ള റഫാൽ പോർവിമാനങ്ങൾ ഉൾപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ സുരക്ഷയുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയം ശക്തമാക്കാൻ ആഗ്രഹിക്കുന്നതായി ഫ്രഞ്ച് പ്രസിഡന്റിന്റെ ഓഫീസ് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷവർധൻ ശ്രിംഗ്ലയെ അറിയിച്ചിരുന്നു.
പാകിസ്ഥാനുമായി സഹകരണത്തിനില്ലെന്ന് ഫ്രാൻസ് വ്യക്തമാക്കിയത് പാക് വ്യോമസേനക്ക് കനത്ത പ്രഹരമായി. നൂറ്റിയൻപതിൽ പരം മിറാഷ് യുദ്ധവിമാനങ്ങൾക്ക് ഇതോടെ ഫ്രഞ്ച് സാങ്കേതിക സേവനം നഷ്ടമാകും.












