ചെന്നൈ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷയനുഭവിക്കുന്ന പ്രതികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്തയച്ച് നടൻ വിജയ് സേതുപതി. 29 വർഷമായി ജയിലിൽ കഴിയുന്ന പേരറിവാളനടക്കം പ്രതികളായ ഏഴു പേരെയും വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് വിജയ് സേതുപതി ഗവർണർക്ക് കത്ത് എഴുതിയിട്ടുള്ളത്.
ഈ വിഷയത്തിൽ അന്തിമ തീരുമാനം ഗവർണർക്ക് എടുക്കാമെന്നും അന്വേഷണ ഏജൻസിയുടെ അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കേണ്ടതില്ലെന്നും സുപ്രീം കോടതി കഴിഞ്ഞ വർഷം അറിയിച്ചത് കത്തിൽ നടൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിജയ് സേതുപതിക്കൊപ്പം സംവിധായകരായ ഭാരതിരാജ, വെട്രിമാരൻ, അമീൻ, പാ രഞ്ജിത്ത്, പൊൻവണ്ണൻ, മിഷ്കിൻ, നടൻമാരായ സത്യരാജ്, പ്രകാശ് രാജ്, പേരറിവാളന്റെ അമ്മ അർപ്പുതമ്മാൾ എന്നിവർ പങ്കെടുത്ത ഓൺലൈൻ യോഗമാണ് ഈ ആവശ്യമുന്നയിച്ചിട്ടുള്ളത്. ഗവർണറോട് ഇക്കാര്യം അഭ്യർത്ഥിക്കുന്ന വീഡിയോയും താരം പങ്കു വെച്ചിട്ടുണ്ട്.
“സുപ്രീം കോടതി വിധിയെ മാനിച്ച് പേരറിവാളനെ വെറുതെ വിടണമെന്ന് അഭ്യർത്ഥിക്കുന്നു. അർപ്പുതമ്മാളിന്റെ 29 വർഷം നീണ്ട പോരാട്ടം അവസാനിപ്പിക്കുന്നതിന് വേണ്ടി കുറ്റം ചെയ്യാത്ത പേരറിവാളനെ വെറുതെ വിടണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു”- വീഡിയോയിൽ വിജയ് സേതുപതി പറഞ്ഞു.
Discussion about this post