തിരുവനന്തപുരം : കെപിസിസി നേതൃയോഗം ഇന്ന് ആരംഭിയ്ക്കും . തദ്ദേശ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പ്രക്രിയയിലേക്കു കോണ്‍ഗ്രസ് കടക്കുന്നു. ഇന്നും നാളെയുമായി ചേരുന്ന കെപിസിസി നേതൃയോഗങ്ങള്‍ ഇതിനുള്ള നിര്‍ദേശങ്ങള്‍ തയാറാക്കും. പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ് പുന:സംഘടനാ നടപടി മുന്നോട്ടുപോകണമോ എന്നതിലും ഈ യോഗങ്ങളോടെ വ്യക്തതയാകും. തൃശൂര്‍ കോണ്‍ഗ്രസിലെ പ്രതിസന്ധി പരിഹരിക്കാന്‍ നാളെ രാത്രി എട്ടിനു പ്രത്യേക യോഗവും തീരുമാനിച്ചിട്ടുണ്ട്. മുന്നണിയില്‍ മുസ്‌ലിം ലീഗ് ഒരുക്കങ്ങളുമായി ധൃതഗതിയില്‍ നീങ്ങുകയാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ ചരിത്രവിജയം നിലനിര്‍ത്തണമെങ്കില്‍ ഇനിയുള്ള ദിവസങ്ങളില്‍ ഒത്തുപിടിച്ചേ പറ്റൂ എന്ന വികാരമാണു യുഡിഎഫില്‍.
സ്ഥാനാര്‍ഥികളെ സംബന്ധിച്ച ആദ്യവട്ട ചര്‍ച്ചകളും വൈകാതെ ആരംഭിക്കും. സ്ഥാനാര്‍ഥിത്വത്തിനായി മാനദണ്ഡങ്ങള്‍ രൂപീകരിച്ചേക്കും. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പു വേളയില്‍ തയാറാക്കിയതില്‍ ചില ഭേദഗതി വരുത്തും. സ്ഥാനാര്‍ഥി നിര്‍ണയ സംവിധാനം സംബന്ധിച്ചു തീരുമാനമെടുക്കേണ്ട ഉത്തരവാദിത്തം കെപിസിസിക്കാണ്. ഇക്കാര്യത്തില്‍ പ്രാദേശിക തീരുമാനങ്ങളാണ് ഉചിതം എന്ന ചിന്ത കെപിസിസിക്ക് ഉണ്ടെങ്കിലും കോണ്‍ഗ്രസിന്റെ രീതി അനുസരിച്ച് ആ വികേന്ദ്രീകരണം അത്ര എളുപ്പമല്ല.
പുന:സംഘടന വേഗം കൈവരിച്ചു ബ്ലോക്ക് തലം വരെയായിട്ടുണ്ട്. മണ്ഡലം പുന:സംഘടന എല്ലാ ജില്ലകളിലും പൂര്‍ത്തിയായി. ഇടുക്കിയിലും തൃശൂരിലുമൊഴികെ പുതിയ ബ്ലോക്ക് ഭാരവാഹികളുമായി. കാസര്‍കോട്, വയനാട് ജില്ലകളില്‍ ഡിസിസി ഭാരവാഹികളെയും പ്രഖ്യാപിക്കാനായി. അതേസമയം വയനാട്ടിലെ ഡിസിസി പുന:സംഘടന ഗ്രൂപ്പുകളെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഓരോ ജില്ലകളിലും എയ്ക്കും ഐയ്ക്കും നിലവിലുള്ള അത്രയും ഭാരവാഹികളെ പുന:സംഘടനയിലും ഉള്‍പ്പെടുത്താനായിരുന്നു ഗ്രൂപ്പുകളുടെ ധാരണ. വയനാട്ടില്‍ ഇങ്ങനെ തയാറാക്കിയ പട്ടികയ്ക്കു പുറത്തുനിന്ന് ഏഴുപേരെ ചര്‍ച്ച കൂടാതെ കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെ ഉള്‍പ്പെടുത്തി എന്ന പ്രതിഷേധത്തിലാണു ഗ്രൂപ്പുകള്‍. എന്നാല്‍ പട്ടികയ്ക്കു പുറത്തുനിന്നു മൂന്നു പേരേയുള്ളൂവെന്നും അതു നേരത്തെ പ്രഖ്യാപിച്ചിരുന്ന മാനദണ്ഡങ്ങള്‍ കൃത്യമാക്കാനും സാമൂഹിക സന്തുലനം ഉറപ്പാക്കാനുമാണ് എന്നാണു സുധീരന്റെ നിലപാട്. അതേസമയം, പുന:സംഘടന ഡിസിസി തലത്തിലേക്കു കടക്കുമ്പോള്‍ നിലവില്‍ പാര്‍ട്ടിക്കകത്തെ കാലാവസ്ഥയെ അതു മാറ്റിമറിക്കുമോ എന്ന ആശങ്ക ശക്തമാണ്. അതേസമയം, മിക്ക ജില്ലകളിലും പുന:സംഘടനാപ്രക്രിയ പാതിവഴി പിന്നിട്ടതിനാല്‍ പൂര്‍ത്തിയാക്കുന്നതാകും ഉചിതം എന്ന അഭിപ്രായവുമുണ്ട്.
ഇന്നു വൈകിട്ട് അഞ്ചിനു നേതൃയോഗവും നാളെ രാവിലെ പത്തിനു വിശാല നിര്‍വാഹക സമിതിയുമാണു വിളിച്ചിരിക്കുന്നത്. ഹനീഫാ വധത്തെത്തുടര്‍ന്നു തൃശൂരിലെ കോണ്‍ഗ്രസില്‍ ആരംഭിച്ചിരിക്കുന്ന കലാപത്തെ ശമിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണു നാളെ രാത്രിയിലെ നേതൃയോഗം. മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ആഭ്യന്തര മന്ത്രിയും ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും പങ്കെടുക്കും.
Discussion about this post