ലഖ്നൗ: ചിത്രകൂട് ജില്ലയിലെ കവി തുളസീദാസ്, ഋഷിവര്യനായ വാല്മീകി എന്നിവരുമായി ബന്ധപ്പെട്ട രാജാപൂര്‍, ലാലാപൂര്‍ എന്നിവിടങ്ങളെ വിനോദസഞ്ചാര കേന്ദ്രമായി വളര്‍ത്താനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ചിത്രകൂടിലെ തെഹ്‌സിലിലാണ് രാജാപൂര്‍ പട്ടണം സ്ഥിതി ചെയ്യുന്നത്. രാമചരിതമാനസം എഴുതിയ തുളസീദാസുമായി ബന്ധപ്പെട്ട സ്ഥലമാണിത്. രാമായണത്തിന്റെ രചയിതാവായ വാല്മീകിയുമായി ബന്ധപ്പെട്ട ലാലാപൂര്‍, ചിത്രകൂട് – പ്രയാഗ്‌രാജ് ഹൈവേയ്ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്.
രാജാപൂരിനേയും ലാലാപൂരിനേയും ബന്ധിപ്പിക്കുന്ന റോഡ് നിര്‍മിക്കാന്‍ യു. പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ലാലാപൂരിലെ വാല്മീകി ആശ്രമവും പരിസരവും ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാനും നിര്‍ദ്ദേശമുണ്ട്.
480 പടികള്‍ കയറിയാണ് മല മുകളിലുള്ള വാല്മീകി ആശ്രമത്തിലെത്തുന്നത്. ഇവിടെ റോപ്‌വേ, റോഡ് തുടങ്ങിയ വികസന പദ്ധതികളാണ് തയാറാക്കുന്നത്. ഋഷിമാര്‍, വിശുദ്ധര്‍ തുടങ്ങിയവരുമായി ബന്ധപ്പെട്ട പ്രദേശങ്ങളും ക്ഷേത്രങ്ങളും നവീകരിക്കാന്‍ യു.പി സര്‍ക്കാരിന് പദ്ധതിയുണ്ട്.
Discussion about this post