ഡൽഹി: സംഘർഷം നിലനിൽക്കുന്ന ചൈനീസ് അതിർത്തി മേഖലകളിൽ നിരീക്ഷണം ശക്തമാക്കാൻ ഇന്ത്യ. ഇതിനായി ഇസ്രായേലിൽ നിന്നും അമേരിക്കയിൽ നിന്നും ഡ്രോണുകൾ വാങ്ങും. ഇസ്രായേലി ഹെറോൺ ഡ്രോണുകളും അമേരിക്കൻ മിനി ഡ്രോണുകളുമാണ് കിഴക്കൻ ലഡാക്കിലേക്കും മറ്റ് ചൈനീസ് അതിർത്തി മേഖലകളിലേക്കും വിന്യസിക്കാനായി ഇന്ത്യ വാങ്ങുന്നത്.
ഇസ്രായേലിൽ നിന്നുള്ള ഹെറോൺ ഡ്രോണുകൾ ഡിസംബറോടെ ഇന്ത്യയിൽ എത്തും. അടിയന്തര സാഹചര്യമുണ്ടായാൽ കാലതാമസമില്ലാതെ 500 കോടി വരെ വിലവരുന്ന ആയുധങ്ങൾ വാങ്ങുന്നതിന് സൈന്യത്തിന് അനുമതി നൽകാൻ തീരുമാനിച്ച മോദി സർക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് ഇവ വാങ്ങുന്നത്.
അമേരിക്കയിൽ നിന്നുള്ള ഡ്രോണുകളും ഉടൻ ഇന്ത്യയിൽ എത്തുമെന്നാണ് സൂചന. ഒരു പ്രത്യേക സ്ഥലത്തെ നിർദ്ദിഷ്ട മേഖലകൾ നിരീക്ഷിക്കുന്നതിന് ഉപയോഗിക്കാവുന്ന ഇവ വിദൂര നിയന്ത്രിത സംവിധാനത്തോട് കൂടിയതാണ്. നിലവിൽ അമേരിക്കയിൽ നിന്നും വാങ്ങിയ പ്രിഡേറ്റർ ഡ്രോണുകൾ ഇന്ത്യൻ നാവിക സേന ഉപയോഗിക്കുന്നുണ്ട്.











