ചെന്നൈ: രാഷ്ട്രീയ പാർട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നിർണ്ണായക യോഗം വിളിച്ച് തമിഴ് സൂപ്പർ താരം രജനികാന്ത്. തിങ്കളാഴ്ച രാവിലെ 10 മണിക്ക് ചെന്നൈയിലാണ് രജനി മക്കള്‍ മൺഡ്രത്തിന്റെ യോഗം വിളിച്ചിരിക്കുന്നത്.
പാര്‍ട്ടി പ്രഖ്യാപിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ ഈ യോഗത്തില്‍ രജനി തീരുമാനം അറിയിക്കുമെന്നാണ് സൂചന. രജനി മക്കള്‍ മൺഡ്രത്തിന്റെ സംസ്ഥാന ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുക്കും. കോവിഡ് കാലത്ത് പൊതുപരിപാടികളും ഷൂട്ടിങ്ങുമെല്ലാം ഒഴിവാക്കിയ രജനി അടിയന്തരമായി യോഗം വിളിച്ചു കൂട്ടുന്നത് സുപ്രധാന തീരുമാനം പ്രഖ്യാപിക്കാനാണ് എന്നാണ് സൂചന.
നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചെന്നൈയിൽ രജനികാന്തുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സുപ്രധാന തീരുമാനം യുക്തമായ സമയത്ത് പ്രഖ്യാപിക്കപ്പെടുമെന്നും പ്രവർത്തകർ പ്രചാരണ പരിപാടികളിൽ വ്യാപൃതരാകാനും അമിത് ഷാ നിർദ്ദേശം നൽകിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും കൃഷ്ണാർജ്ജുനന്മാരോട് ഉപമിച്ച രജനികാന്ത് ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കാൻ സാധ്യത ഏറെയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.







