ചെന്നൈ: മുന്‍ ഹൈക്കോടതി ജഡ്ജ് സി എസ് കര്‍ണനെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈക്കോടതിയിലെയും സുപ്രീംകോടതിയിലെയും ജുഡീഷ്യല്‍ ഓഫീസര്‍മാരെയും അവരുടെ ഭാര്യമാരെയും അടക്കം മോശം പരാമര്‍ശങ്ങള്‍ നടത്തുകയും ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തതിനാണ് അറസ്റ്റ്.
കര്‍ണന്റെ വസതിയിലെത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 27-ന് മദ്രാസ് ഹൈക്കോടതിയിലെ ഒരു അഭിഭാഷകന് നല്കിയ പരാതിയില്‍ കര്‍ണനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മദ്രാസ് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരെല്ലാം ചേര്‍ന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയ്ക്ക് ജസ്റ്റിസ് കര്‍ണനെതിരെ വിശദമായ പരാതി നല്‍കുകയും ചെയ്തു.
ജസ്റ്റിസ് കര്ണന് സ്ത്രീകള്‍ക്കെതിരായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്യുന്ന ഒരു വീഡിയോ പുറത്തുവന്നിരുന്നു. ഈ വീഡിയോ കൂടി ചേര്‍ത്താണ് അഭിഭാഷകര്‍ ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയത്.
സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ചില ജഡ്ജിമാര്‍ ചില വനിതാ ഉദ്യോഗസ്ഥരെ ലൈംഗികപീഡനത്തിനിരയാക്കിയെന്ന പരാമര്‍ശവും കര്ണന് ആ വീഡിയോയില്‍ നടത്തിയിരുന്നു. ആ ദൃശ്യത്തില്‍ പീഡനത്തിനിരയായെന്ന് ആരോപിക്കപ്പെടുന്ന ഇരകളുടെ പേരും കര്ണന് വെളിപ്പെടുത്തുന്നുണ്ട്. സ്ത്രീകളെ അത്യന്തം അപമാനിക്കുന്നതാണ് കര്‍ണന്റെ പരാമര്‍ശങ്ങളെന്നും, ഇത് പച്ചയായ സ്ത്രീവിരുദ്ധതയാണെന്നും അഭിഭാഷകര്‍ സംയുക്തമായി ചീഫ് ജസ്റ്റിന് നല്കിയ കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
Discussion about this post