ന്യൂഡൽഹി: ഉത്തർപ്രദേശിലെ വികസന പദ്ധതികളുടെ ഭാഗമായ ആഗ്ര മെട്രോ റെയിൽ പദ്ധതിക്ക് ഡിസംബർ 7 ന് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിക്കും. വീഡിയോ കോൺഫറൻസിങ്ങിലൂടെയായിരിക്കും ചടങ്ങുകൾ നടക്കുക. പരിപാടിയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പങ്കെടുക്കും.
8379.62 കോടി രൂപ ചിലവിട്ടാണ് മെട്രോ റെയിൽ നിർമ്മിക്കാനൊരുങ്ങുന്നത്. മെട്രോ റെയിൽ യാഥാർത്ഥ്യമാകുന്നതോടെ സംസ്ഥാനത്തെ ഗതാഗത തിരക്ക് ഒഴിവാക്കാനും യാത്രാസൗകര്യം വർദ്ധിപ്പിക്കാനും കഴിയുമെന്ന് ആഗ്ര ജില്ലാ മജിസ്ട്രേറ്റ് പ്രഭു എൻ. സിങ് അറിയിച്ചു. മെട്രോ നിർമ്മാണത്തിന്റെ ആദ്യഘട്ടത്തിൽ 3 സ്റ്റേഷനുകളായിരിക്കും നിർമ്മിക്കുക.
273 കോടി രൂപ ചെലവിട്ട് നിർമിക്കുന്ന നാല് കിലോമീറ്റർ നീളമുള്ള പാതയുടെ നിർമാണപ്രവർത്തനങ്ങൾ 26 മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് നിശ്ചയിച്ചിട്ടുള്ളതെന്ന് ആഗ്രാ ജില്ലാ മജിസ്ട്രേറ്റ് കൂട്ടിച്ചേർത്തു. ആഗ്ര മെട്രോ നിർമാണത്തിനായുള്ള അനുമതി കേന്ദ്ര മന്ത്രാലയത്തിൽ നിന്നും ലഭിച്ചത് 2019 ഫെബ്രുവരി 28 നാണ്.
Discussion about this post