ചൈനയുടെ പബ്‌ജിക്ക് പകരം ഇന്ത്യ അവതരിപ്പിച്ച വീഡിയോ ഗെയിമായ ഫൗ-ജിക്ക് ആദ്യ 24 മണിക്കൂറിനുള്ളിൽ ലഭിച്ചത് ഒരു മില്യൺ പ്രീ-രജിസ്ട്രേഷനുകൾ. നവംബർ 30-നാണ് എൻകോർ ഗെയിംസ് ഏവരും ആകാംഷയോടെ കാത്തിരുന്ന ഫൗ-ജി ഗെയിം പ്രീ-രജിസ്ട്രേഷനു സജ്ജമാക്കുമെന്ന് അറിയിച്ചത്. ഇതിനു പിന്നാലെ, ആദ്യ ദിവസം തന്നെ ഫസ്റ്റ് പേഴ്സൺ ഷൂട്ടർ, (എഫ്പിഎസ്) ഗെയിമിനു ഒരു മില്യൺ പ്രീ-രജിസ്ട്രേഷനുകൾ ലഭിച്ച കാര്യം കമ്പനി പുറത്തുവിടുകയായിരുന്നു.
ഇതിൽ ഏറ്റവും കൂടുതൽ പ്രീ-രജിസ്ട്രേഷനുകൾ നടന്നിട്ടുള്ളത് ഇന്ത്യയിലെ പ്ലേ സ്റ്റോറിലാണ്. ഒക്ടോബറിൽ പുറത്തിറക്കേണ്ട ഗെയിം ചില സാങ്കേതിക തടസ്സങ്ങളാൽ വൈകുകയായിരുന്നു. വിജയദശമി ദിനത്തിലാണ് ഈ ഗെയിമിന്റെ ട്രൈലർ പുറത്തു വിട്ടത്. ട്രൈലറിൽ കാണിച്ചിരുന്നത് ഗാൽവൻ വാലിയിലെ ആക്രമണത്തിനു സമാനമായ ദൃശ്യങ്ങളാണ്. അതിർത്തി സംരക്ഷിക്കുന്ന സൈനികർക്കുള്ള ആദരസൂചകമായാണ് ഈ ഗെയിം പുറത്തിറക്കിയിട്ടുള്ളത്.
ചൈനീസ് ഗെയിമായ പബ്‌ജിയുമായി ഒരു മത്സരത്തിനില്ലെന്ന് എൻകോർ ഗെയിംസിന്റെ സഹ-സ്ഥാപകനായ വിശാൽ ഗോണ്ഡാൽ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഫിയർലെസ്സ് ആന്റ് യുണൈറ്റഡ് ഗാർഡ്സ് എന്നതിന്റെ ചുരുക്കപ്പേരാണ് ഫൗ-ജി.












