യെമനിലെ ഹൂതി വിമതരുടെ ആക്രമണം അതിശക്തമായതിനെ തുടർന്ന് സൗദി അറേബ്യയെ സംരക്ഷിക്കാൻ പാകിസ്താൻ സൈന്യം സൗദി മണ്ണിൽ നിലയുറപ്പിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. പാക് സൈന്യത്തിന്റെ മാധ്യമ വിഭാഗമായ ഐ.എസ്.പി.ആർ (ISPR) ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരിയാണ് അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഈ വിവരങ്ങൾ പുറത്തുവിട്ടത്. ദശാബ്ദങ്ങളായി സൗദി അറേബ്യയിൽ പാക് സൈനിക സാന്നിധ്യമുണ്ടെന്നും തന്ത്രപ്രധാനമായ വിവിധ മേഖലകളിൽ തങ്ങളുടെ സൈനികർ അവിടെ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
സൗദി അറേബ്യ, പാകിസ്താൻ, തുർക്കി എന്നീ മൂന്ന് രാജ്യങ്ങൾ ചേർന്ന് അടുത്തിടെ ഒപ്പുവെച്ച ‘മക്ക ജോയിന്റ് ഡിഫൻസ് അഗ്രിമെന്റ്’ (Mecca Defence Agreement) എന്ന പ്രതിരോധ കരാറിന് പിന്നാലെയാണ് ഈ നീക്കം. പാശ്ചാത്യ സൈനിക കൂട്ടായ്മയായ ‘നാറ്റോ’ (NATO) മാതൃകയിൽ രൂപീകരിച്ച ഈ കരാർ പ്രകാരം, മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് നേരെ ആക്രമണമുണ്ടായാൽ അത് മുഴുവൻ അംഗരാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കി സംയുക്തമായി നേരിടും. പാകിസ്താന് പുറമെ തുർക്കിയും സൗദി അറേബ്യയ്ക്ക് വ്യോമ പ്രതിരോധ സംവിധാനങ്ങളും ഡ്രോൺ സാങ്കേതികവിദ്യയും ലൊജിസ്റ്റിക് പിന്തുണയും നൽകി വരുന്നുണ്ട്.
റെഡ് സീയിലെ തന്ത്രപ്രധാനമായ ബാബ് എൽ-മന്ദേബ് കടലിടുക്കിൽ ഹൂതികൾ ആക്രമണം ശക്തമാക്കിയതോടെയാണ് റിയാദ് സുരക്ഷാ കരുതൽ ശക്തമാക്കിയത്. എന്നാൽ സ്വന്തം നാട്ടിൽ ഭീകരവാദവും സാമ്പത്തിക തകർച്ചയും കാരണം വലയുന്ന പാകിസ്താൻ, മറ്റ് രാജ്യങ്ങളുടെ കൂലിപ്പടയാളികളായി മാറുന്നതിനെ അന്താരാഷ്ട്ര നിരീക്ഷകർ കൗതുകത്തോടെയാണ് കാണുന്നത്. തദ്ദേശീയമായി പ്രതിരോധ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിച്ച് ലോകത്തിന് മുന്നിൽ ഭാരതം വൻശക്തിയായി ഉയർന്നുവരുമ്പോൾ, വിദേശ രാജ്യങ്ങളുടെ സുരക്ഷാ ദൗത്യങ്ങൾക്ക് വാടക സൈന്യത്തെ വിട്ടുനൽകുന്ന നിലയിലേക്ക് പാകിസ്താൻ അധഃപതിച്ചു എന്ന വിമർശനവും ശക്തമാകുന്നുണ്ട്.












