ബീജിംഗ്: ചൈനയിൽ മുസ്ലീമുകളെക്കൊണ്ട് നിർബന്ധിതമായി പന്നിയിറച്ചി കഴിപ്പിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി ഉയ്ഗുർ വംശജയായ ഡോ.സൈറാഗുൽ സൗട്ബെ. അൽ ജസീറ ടെലിവിഷനു നൽകിയ അഭിമുഖത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ അവർ പുറത്തു വിട്ടത്. ഇത്തരത്തിൽ മതനിന്ദയും പീഡനവും അരങ്ങേറുന്നത് ഉയ്ഗുർ മുസ്ലീമുകൾക്കായി സർക്കാർ നടത്തുന്ന “പുനർ വിദ്യാഭ്യാസ” ക്യാമ്പുകളിലാണെന്നും ഡോ.സൈറാഗുൽ വ്യക്തമാക്കി.
ഇസ്ലാം മതവിശ്വാസ പ്രകാരം പന്നിയിറച്ചി നിഷിദ്ധമാണ്. ഇതു മനസ്സിലാക്കി കൊണ്ടു തന്നെ മുസ്ലീമുകൾ വിശുദ്ധ ദിനമായി കരുതുന്ന വെള്ളിയാഴ്ചകളിലാണ് സർക്കാർ നിർബന്ധിതമായി പന്നിയിറച്ചി വിളമ്പാറുള്ളതെന്ന് അവർ അഭിമുഖത്തിൽ പറഞ്ഞു. “പന്നിയിറച്ചി കഴിക്കാൻ വിസമ്മതിച്ചാൽ ക്രൂരമായി ശിക്ഷിക്കും. കോൺസെൻട്രേഷൻ ക്യാമ്പിൽ കഴിയുമ്പോൾ നിങ്ങൾക്ക് ഭക്ഷണം കഴിക്കണോ വേണ്ടയോ എന്ന് പോലും തീരുമാനിക്കാനാവില്ല. ജീവൻ നിലനിർത്തണമെങ്കിൽ കിട്ടുന്നത് കഴിച്ചേ മതിയാകൂ”-ഡോ.സൈറാഗുൽ സൗട്ബെ കൂട്ടിച്ചേർത്തു.
നേരത്തെ ഉയ്ഗുർ മുസ്ലീമുകൾക്കു നേരെയുള്ള ചൈനയുടെ ക്രൂര പീഡനങ്ങൾ തുറന്നു കാട്ടുന്ന ഒരു പുസ്തകം ഡോ.സൈറാഗുൽ പ്രസിദ്ധീകരിച്ചിരുന്നു. ഡോക്ടറും വിദ്യാഭ്യാസ പ്രവർത്തകയുമായ സൈറാഗുൽ നിലവിൽ സ്വീഡനിലാണ് കഴിയുന്നത്.
Discussion about this post