ന്യൂഡൽഹി: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വിളിച്ച യോഗം ഇന്ത്യ ബഹിഷ്കരിക്കും. ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് നേരത്തെ ട്രൂഡോ രംഗത്തു വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കോവിഡ് സാഹചര്യം ചർച്ച ചെയ്യാൻ കാനഡ വിളിച്ചിരിക്കുന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗം ഇന്ത്യ ബഹിഷ്കരിക്കാൻ തീരുമാനിച്ചിട്ടുള്ളത്.
ഡിസംബർ ഏഴാം തീയതിയാണ് കനേഡിയൻ വിദേശകാര്യ മന്ത്രി ഫ്രാങ്കോ ഫിലിപ്പ് നയിക്കുന്ന യോഗം നടക്കുക. ഷെഡ്യൂളിങ് പ്രശ്നങ്ങൾ കാരണം ഡിസംബർ ഏഴിന് നടക്കാനിരിക്കുന്ന യോഗത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനു പങ്കെടുക്കാൻ കഴിയില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം കനേഡിയൻ സർക്കാരിനെ അറിയിച്ചിട്ടുള്ളത്. കർഷക പ്രതിഷേധത്തിനു പിന്തുണയറിയിച്ച് കനേഡിയൻ പ്രധാനമന്ത്രി രംഗത്തെത്തിയതിനു പിന്നാലെ ഇന്ത്യ കനേഡിയൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയിരുന്നു.
ഇത്തരം നടപടികൾ തുടർന്നാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ അത് ഗുരുതരമായി ബാധിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇന്നും ഇതേ നിലപാട് തന്നെയാണ് ജസ്റ്റിൻ ട്രൂഡോ സ്വീകരിച്ചത്. ഇതോടെയാണ് ഇന്ത്യ യോഗം ബഹിഷ്കരിക്കാൻ തീരുമാനിച്ചതെന്നാണ് സൂചനകൾ.
Discussion about this post