ലണ്ടൻ: ബ്രിട്ടനിലെ ലണ്ടൻ നഗരത്തിലുള്ള ഇന്ത്യൻ ഹൈക്കമ്മീഷൻ മന്ദിരത്തിനു പുറത്ത് ഖാലിസ്ഥാൻ വിഘടനവാദികളുടെ പ്രതിഷേധ പ്രകടനം. കൂട്ടത്തോടെ എത്തിയ ഖാലിസ്ഥാൻവാദികൾ ഞായറാഴ്ച ഓഫിസ് കെട്ടിടത്തിന് പുറത്ത് തടിച്ചുകൂടി.
ഖാലിസ്ഥാൻ പതാകകൾ കൈയിലേന്തി സിഖ് വിഘടനവാദികൾ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ വിളിച്ചു. സംഭവത്തെ തുടർന്ന്, ലണ്ടൻ സുരക്ഷാ ഉദ്യോഗസ്ഥർ ഇന്ത്യൻ ഹൈക്കമ്മീഷൻ കെട്ടിടത്തിലെ സുരക്ഷ ശക്തമാക്കി. വാഹനങ്ങളിലായി എത്തിയ പ്രതിഷേധക്കാർ റാലിയും നടത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 40 പേർക്ക് അനുമതി നൽകിയെങ്കിലും നൂറുകണക്കിനുപേർ എത്തിച്ചേർന്നതിനെ തുടർന്ന് ലണ്ടൻ പോലീസ് നിരവധി പേരെ കസ്റ്റഡിയിലെടുത്തു.
സംഭവം യു.കെ വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട് എന്നും, കൃത്യസമയത്ത് ഇടപെട്ട ലണ്ടൻ മെട്രോപൊളിറ്റൻ പോലീസ് വിഘടനവാദികളെ പിരിച്ചുവിട്ടുവെന്നും കേന്ദ്രമന്ത്രി വിശ്വേഷ് നേഗി വ്യക്തമാക്കി.











