ഖാലിസ്ഥാൻ ഭീകരരുടെയും ചൈനയുടെയും സഹായത്തോടെ പാകിസ്ഥാൻ ഇന്ത്യയിൽ മയക്കുമരുന്ന് മാഫിയകൾ വ്യാപിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞതായി റിപ്പോർട്ടുകൾ. നാർകോ-ടെററിസത്തിലൂടെ ഇന്ത്യയെ തകർക്കുകയാണ് പാകിസ്ഥാന്റെ ലക്ഷ്യം. മയക്കുമരുന്നും മറ്റു ലഹരി വസ്തുക്കളും കടത്തുന്നതിലൂടെ പണം സമ്പാദിക്കുകയും അത് ഭീകരവാദ പ്രവർത്തനങ്ങൾക്കുപയോഗിക്കുന്നതുമാണ് നാർകോ -ടെററിസം.
പാകിസ്ഥാനിലെ ഗ്വാദർ പോർട്ടിൽ നിന്നുമെത്തിച്ച 2.5 ബില്യൺ വില വരുന്ന മയക്കുമരുന്ന് ശ്രീലങ്കൻ അധികൃതർ പിടികൂടിയിരുന്നു. ഇന്ത്യൻ കോസ്റ്റ് ഗാർഡ് 100 കിലോ ഹെറോയിൻ പിടികൂടിയതിനു പിന്നാലെയാണ് ഈ സംഭവം. ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയിലെ ഒരു ഭാഗമാണ് പാകിസ്ഥാന്റെ ഗ്വാഡർ പോർട്ട്. മാത്രമല്ല, ഇത് നിയന്ത്രിക്കുന്നത് ചൈന ഓവർസീസ് പോർട്ട് ഹോൾഡിങ് കമ്പനിയാണ്.നാർകോ-ടെററിസം വ്യാപിപ്പിക്കാനുള്ള പാകിസ്ഥാന്റെ നീക്കങ്ങൾക്ക് ചൈനീസ് പിന്തുണയുമുണ്ടെന്ന് ഇതിൽ നിന്നെല്ലാം വ്യക്തമാണ്.
പാകിസ്ഥാന്റെ ചാരസംഘടനയായ ഐ.എസ്.ഐ ആണ് ഇതിനു പിന്നിൽ പ്രവർത്തിച്ചതെന്നാണ് റിപ്പോർട്ടുകൾ. മയക്കുമരുന്ന് കടത്തലിന്റെ സൂത്രധാരൻ ദുബായിലുള്ള ‘ജുദേ’ എന്ന ഭീകരനാണെന്നുള്ള സൂചനകളും അന്വേഷണ ഉദ്യോഗസ്ഥർക്കു ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലേക്ക് പ്രധാനമായും മയക്കുമരുന്ന് കടത്തുന്നത് പഞ്ചാബ്, രാജസ്ഥാൻ അതിർത്തികളിലൂടെയാണ്. ഇതിൽ ഖാലിസ്ഥാൻ തീവ്രവാദികൾക്ക് പങ്കുണ്ടെന്ന സൂചനകൾ ലഭിച്ചതിനെ തുടർന്ന് വിശദമായ അന്വേഷണം നടന്നു വരികയാണ്.
Discussion about this post