ലഖ്നൗ: കാര്‍ഷിക നിയമത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയവല്‍ക്കരിച്ചെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭാരത് ബന്ദിനെ പിന്തുണച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രത്തിന് മുന്നില്‍ മാപ്പ് പറയണമെന്ന് യോഗി പറഞ്ഞു. തന്റെ ഔദ്യോഗിക വസതിയില്‍ വിളിച്ചുചേര്‍ത്ത വാർത്താസമ്മേളനത്തിലാണ് യോഗി ഇക്കാര്യം പറഞ്ഞത്.
കോണ്‍ഗ്രസിന്റേത് ഇരട്ടത്താപ്പാണ്. കാര്‍ഷിക നിയമത്തെ എതിര്‍ക്കുന്നതിന്റെ പേരില്‍ അരാജകത്വം അഴിച്ചുവിടുകയും ഭാരത് ബന്ദ് ആഹ്വാനത്തിന് പിന്തുണ നല്‍കുകയും ചെയ്തുകൊണ്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയത്തിലെ മൂല്യങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും തത്വങ്ങളുടെയും മനോഭാവത്തെ വഞ്ചിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച ഭാരത് ബന്ദ് ആഹ്വാനത്തെ പിന്തുണച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രത്തിന് മുന്നില്‍ മാപ്പ് പറയണം. അരാജകത്വവും ക്രമക്കേടും സൃഷ്ടിക്കുന്നതിനായി നിരപരാധികളായ കര്‍ഷകരുടെ ചുമലില്‍ നിന്ന് അവര്‍ വെടിയുതിര്‍ക്കുന്നതിന്റെ ഉദാഹരണമാണിത്. ഈ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയും പരിശോധിക്കേണ്ടതുണ്ട്. എപിഎംസി നിയമം ഭേദഗതി ചെയ്ത് മണ്ഡികള്‍ ഇല്ലാതാക്കുന്ന നിയമം നടപ്പിലാക്കുമെന്ന് 2019-ല്‍ കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post