ന്യൂഡൽഹി: ഭീകരവാദത്തിനെതിരായുള്ള പോരാട്ടത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിനു പിന്തുണയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മക്രോണിനെ ഫോണിലൂടെ ബന്ധപ്പെട്ട പ്രധാനമന്ത്രി, ഫ്രാൻസിൽ നടന്ന ഭീകരവാദി ആക്രമണങ്ങളെ അപലപിക്കുകയും ഭീകരവാദത്തിനും തീവ്രവാദത്തിനും മൗലികവാദത്തിനും എതിരെയുള്ള ഫ്രാൻസിന്റെ പോരാട്ടത്തിൽ ഇന്ത്യയുടെ എല്ലാ വിധ പിന്തുണയറിയിക്കുകയും ചെയ്തതായി പ്രസ്താവിച്ചു.
ഇരുനേതാക്കളും കോവിഡ് വാക്സിൻ, കോവിഡിനുശേഷം കൈവരിക്കേണ്ട സാമ്പത്തിക പുരോഗതി, കാലാവസ്ഥാ വ്യതിയാനം എന്നീ വിഷയങ്ങളും ചർച്ച ചെയ്തു. ഇമ്മാനുവൽ മക്രോണും നരേന്ദ്ര മോദിയും ഫോണിൽ സംസാരിച്ചത് തിങ്കളാഴ്ച വൈകീട്ടാണ്. ഇരുനേതാക്കളും ബന്ധപ്പെടുന്നതിനായി ഹോട്ട്ലൈൻ സംവിധാനം ഏർപ്പെടുത്തുന്നത് സംബന്ധിച്ച ചർച്ചയും നടന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രധാനമന്ത്രി തന്നെ ഫ്രഞ്ച് പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്.
“കോവിഡിനു ശേഷമുള്ള ലോകത്തെ അവസരങ്ങളെയും വെല്ലുവിളികളെയും കുറിച്ച് എന്റെ സുഹൃത്ത് ഇമ്മാനുവൽ മക്രോണുമായി സംസാരിച്ചു. ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരായ പോരാട്ടത്തിൽ ഇന്ത്യ ഫ്രാൻസിനൊപ്പം ഉറച്ചുനിൽക്കും”-അദ്ദേഹം ട്വീറ്റിൽ കൂട്ടിച്ചേർത്തു.
Discussion about this post