ഇന്ത്യ-ചൈന അതിർത്തിയിൽ വീണ്ടും സംഘർഷ സൂചനകൾ ലഭിച്ചതിനെ തുടർന്ന് 15 ദിവസത്തേയ്ക്കുള്ള വെടിക്കോപ്പുകളും യുദ്ധസാമഗ്രികളും സംഭരിക്കാൻ സായുധസേനകൾക്ക് അനുമതി നൽകി കേന്ദ്രം.
ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നുമായുള്ള 50,000 കോടി രൂപയുടെ യുദ്ധസാമഗ്രികൾ ശേഖരിക്കാനാണ് സായുധ സേനകൾ തീരുമാനിച്ചിട്ടുള്ളത്. സംഘർഷ സാധ്യത കണക്കിലെടുത്ത് നേരത്തെ അനുമതി നൽകിയിരുന്നത് 10 ദിവസത്തേക്കുള്ള വെടിക്കോപ്പുകളും യുദ്ധസാമഗ്രികളും സംഭരിക്കാനാണ്. ഇതാണ് ഇപ്പോൾ 15 ദിവസമാക്കി വർധിപ്പിച്ചിട്ടുള്ളത്.
വർഷങ്ങൾക്ക് മുമ്പ് 40 ദിവസത്തേക്കുള്ള പടക്കോപ്പുകൾ ശേഖരിച്ചു വെയ്ക്കുന്ന പതിവ് രാജ്യത്തിനുണ്ടായിരുന്നു. വാർഫെയറിന്റെ സ്വഭാവത്തിൽ മാറ്റം വന്നതുകൊണ്ടും ഇത്രയുമധികം ആയുധങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യമില്ലാത്തതിനാലുമാണ് ഈ പതിവിൽ മാറ്റം വരുത്തിയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സായുധ സേനയ്ക്ക് അടിയന്തരമായി ആയുധങ്ങൾ വാങ്ങേണ്ട സാഹചര്യമുണ്ടായാൽ അവ വാങ്ങുന്നതിന് 300 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്.
അതേസമയം, സംഘർഷത്തിനുള്ള സാധ്യത മുന്നിൽ കണ്ടു കൊണ്ട് ഇതിനോടകം തന്നെ നിരവധി ആയുധങ്ങളും മിസൈൽ സംവിധാനങ്ങളും ഇന്ത്യ വാങ്ങിക്കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ.








