ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങളിലൂടെ കർഷകർക്ക് ലഭിക്കാൻ പോകുന്നത് കൂടുതൽ അവസരങ്ങളാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
പ്രതിപക്ഷ പാർട്ടികൾ കുപ്രചരണങ്ങൾ നടത്തിയതിനെ തുടർന്നും കർഷകരെ തെറ്റിദ്ധരിപ്പിച്ചതിനെ തുടർന്നും ഡൽഹിയിൽ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധ പ്രകടനങ്ങൾ നടന്നുവരികയാണ്. ഈ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു പ്രസ്‌താവനയുമായി യോഗി ആദിത്യനാഥ് രംഗത്തു വന്നിട്ടുള്ളത്‍.
അതേസമയം, നോയിഡ-ഡൽഹി അതിർത്തിയിൽ നിന്നും കർഷകർ രണ്ടാഴ്ചത്തെ പ്രതിഷേധങ്ങൾക്ക് ശേഷം പിൻവാങ്ങിയിരുന്നു. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങുമായും നരേന്ദ്ര സിങ് തോമറുമായും കൂടിക്കാഴ്ച്ച നടത്തിയതിനു ശേഷമാണ് കർഷകർ അതിർത്തിയിൽ നിന്നും പിൻവാങ്ങിയത്. കേന്ദ്രം അവതരിപ്പിച്ചിട്ടുള്ള പുതിയ കാർഷിക നിയമങ്ങൾ കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി നേരത്തെ കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂർ രംഗത്തുവന്നിരുന്നു.
കാർഷികവിള വിപണന വാണിജ്യ പ്രോത്സാഹന ബില്ല് 2020, വിള ശാക്തീകരണവും സംരക്ഷണവും ലക്ഷ്യമിടുന്ന കാർഷിക ശാക്തീകരണ സംരക്ഷണ ബില്ല് 2020, അവശ്യ സാധന നിയമ ഭേദഗതി ബില്ല് 2020 എന്നീ മൂന്നു ബില്ലുകൾക്കെതിരെയാണ് കർഷകർ പ്രതിഷേധിക്കുന്നത്.
Discussion about this post