പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കർഷകരെ റോഡിൽ നിന്നും നീക്കണമെന്ന ഹർജിയിൽ സുപ്രീം കോടതി ഇന്ന് വാദം കേൾക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടി നിയമ വിദ്യാർത്ഥിയായ ഋഷഭ് ശർമയാണ് ഹർജി നൽകിയത്.
ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ, ജസ്റ്റിസ് എ. എസ് ബൊപ്പണ്ണ, ജസ്റ്റിസ് വി.രാമസുബ്രഹ്മണ്യൻ എന്നിവർ ഹർജിയിൽ വാദം കേൾക്കുമെന്നാണ് ലഭ്യമായ വിവരങ്ങൾ. റോഡുകൾ തടസ്സപ്പെടുത്തിയുള്ള കർഷകരുടെ സമരം ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ടെന്നും കോവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലുള്ള സമരം രോഗബാധിതരുടെ എണ്ണം വർധിപ്പിക്കുമെന്നും ഋഷഭ് ശർമ ഹർജിയിൽ സൂചിപ്പിച്ചിട്ടുണ്ട്.
പ്രതിപക്ഷ പാർട്ടികൾ കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തു വന്നിരുന്നു. നവംബർ 26 മുതൽ ഡൽഹിയിലെ വിവിധ ബോർഡർ പോയിന്റുകളിൽ കർഷക പ്രക്ഷോഭം നടന്നു വരികയാണ്. കേന്ദ്ര സർക്കാരിന്റെ, കാർഷിക വിള വിപണന വാണിജ്യ പ്രോത്സാഹന ബില്ല് 2020, വിള ശാക്തീകരണവും സംരക്ഷണവും ലക്ഷ്യമിടുന്ന കാർഷിക ശാക്തീകരണ സംരക്ഷണ ബില്ല് 2020, അവശ്യ സാധന നിയമ ഭേദഗതി ബില്ല് 2020 എന്നീ മൂന്നു ബില്ലുകൾക്കെതിരെയാണ് കർഷകർ പ്രതിഷേധിക്കുന്നത്.
Discussion about this post