ചണ്ഡീഗഡ്: ബിജെപി എംപിയും ബോളിവുഡ് നടനുമായ സണ്ണി ഡിയോളിന്റെ സുരക്ഷ വർധിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വൈ കാറ്റഗറി സുരക്ഷയാണ് അദ്ദേഹത്തിന് അനുവദിച്ചിരിക്കുന്നത്. സണ്ണി ഡിയോൾ നേരത്തെ ഡൽഹി അതിർത്തിയിലെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ അനുകൂല പരാമർശങ്ങൾ നടത്തിയിരുന്നു.
ഇതിനു പിന്നാലെ ചില രാജ്യവിരുദ്ധ ശക്തികളിൽ നിന്നും ഭീഷണി ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നടപടി. വൈ കാറ്റഗറി സുരക്ഷയിൽ ഉൾപ്പെട്ടിട്ടുള്ളത് രണ്ട് കമാൻഡോകളും പോലീസുകാരുമുൾപ്പെടെ 11 സുരക്ഷാ ഉദ്യോഗസ്ഥരാണ്. ഇന്നുമുതൽ സണ്ണി ഡിയോളിന് ഉദ്യോഗസ്ഥർ സുരക്ഷ നൽകി തുടങ്ങുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. അതിർത്തിയിലെ പ്രതിഷേധങ്ങളെ വിമർശിച്ച് സണ്ണി ഡിയോൾ ഡിസംബർ ആറിനാണ് പരാമർശം നടത്തിയത്. കാർഷിക നിയമങ്ങളെ മറയാക്കി ചിലർ രാജ്യത്ത് മനപ്പൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ഇതിന്റെ ഉത്തരവാദികൾ കർഷകരെ കുറിച്ച് ചിന്തിക്കുന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
“ഈ വിഷയത്തിൽ ഞാൻ പാർട്ടിക്കൊപ്പം നിൽക്കും. കർഷകരുടെ ക്ഷേമത്തെ കുറിച്ച് മാത്രമാണ് എൻഡിഎ സർക്കാർ ചിന്തിക്കുന്നത്”-സണ്ണി ഡിയോൾ കൂട്ടിച്ചേർത്തു. ഇതിന് പിന്നാലെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെയുൾപ്പെടെ അദേഹത്തിനെതിരെ ഭീഷണിയുയർന്നത്.
Discussion about this post