കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പങ്കുവെച്ച പോസ്റ്റ് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി ഫേസ്ബുക്ക്. റെയിൽവേയുടെ പ്രൊപ്രൈറ്റർഷിപ് മോദി സർക്കാർ അദാനി ഗ്രൂപ്പിന് കൈമാറിയെന്ന വ്യാജ വാർത്തയാണ് പ്രിയങ്ക പങ്കുവെച്ചിരുന്നത്. എന്നാൽ, പോസ്റ്റ് വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ഫേസ്ബുക്ക് അറിയിക്കുകയായിരുന്നു. ഇതിനു പിന്നാലെ പ്രിയങ്ക പോസ്റ്റ് ഡിലീറ്റ് ചെയ്തു.
ഔദ്യോഗിക വാർത്താ ഏജൻസിയായ പ്രെസ്സ് ഇൻഫോർമേഷൻ ബ്യൂറോയും (പിഐബി) പ്രിയങ്കയുടെ പോസ്റ്റ് വ്യാജമാണെന്ന് വ്യക്തമാക്കി രംഗത്തുവന്നിരുന്നു. പ്രിയങ്കയുടെ പോസ്റ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ച് വാർത്ത വ്യാജമാണെന്ന് പിഐബി ട്വീറ്റ് ചെയ്തിട്ടുണ്ട്. ഡിസംബർ 14 നാണ് ഒരു ട്രെയിനിന്റെ എൻജിനിൽ “അദാനി വിൽമർ” എന്നെഴുതിയിരിക്കുന്ന വീഡിയോ പ്രിയങ്കാ ഗാന്ധി പങ്കുവെച്ചത്.
വീഡിയോയ്ക്ക് താഴെ പ്രിയങ്ക കുറിച്ചിരുന്നത് ദശലക്ഷക്കണക്കിന് ആളുകളുടെ കഠിനാധ്വാനത്തിലൂടെ സ്ഥാപിതമായ ഇന്ത്യൻ റെയിൽവേയിൽ സർക്കാർ കോടീശ്വരനായ സുഹൃത്ത് അദാനിയുടെ മുദ്ര പതിച്ചിരിക്കുകയാണെന്നായിരുന്നു. ഫേസ്ബുക്ക്, പോസ്റ്റ് വ്യാജമാണെന്ന് അറിയിച്ചിട്ടും ട്വിറ്ററിലും തെറ്റിദ്ധരിപ്പിക്കുന്ന വാർത്തയും വീഡിയോയും പ്രിയങ്ക പ്രചരിപ്പിച്ചിരുന്നു.
Discussion about this post