ഭോപ്പാല്‍: കര്‍ഷകര്‍ക്കു മേല്‍ പുഷ്പവൃഷ്ടി നടത്തി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹൗന്‍. റായസേന ജില്ലയില്‍ കിസാന്‍ കല്യാണ്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കര്‍ഷകര്‍ക്കു മേലാണ് ശിവരാജ് സിങ് ചൗഹാന് പുഷ്പവൃഷ്ടി നടത്തിയത്.
വായ്പ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വാഗ്ദാനം കോണ്‍ഗ്രസ് പാലിച്ചില്ലെന്നും സഹായധനം വിതരണം ചെയ്തില്ലെന്നും കാര്‍ഷിക വിഷയങ്ങളില്‍ കോണ്‍ഗ്രസ് മുന്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് അദ്ദേഹം പറഞ്ഞു.
കിസാന്‍ കല്യാണ്‍ പരിപാടിയില്‍ പങ്കെടുത്ത കര്‍ഷകരെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്തിരുന്നു. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ പ്രധാനമന്ത്രി മോദി ആഗ്രഹിക്കുന്നതായി അദ്ദേഹത്തെ ചടങ്ങിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് ചൗഹാന് പറഞ്ഞു.
മണ്ഡികള്‍ പൂട്ടില്ലെന്നും കര്‍ഷക നിയമ പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് ഒഴുക്കുന്നത് മുതലക്കണ്ണീര് ആണെന്നും ചൗഹാന് കുറ്റപ്പെടുത്തി.
രാജ്യതലസ്ഥാനത്ത് പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ച് റായ്സേനയിലെ മൊറേനയില്‍ നിന്ന് ഡല്‍ഹിയിലേക്ക് നൂറുകണക്കിന് കര്‍ഷകര്‍ കാല്‍നട ജാഥ ആരംഭിച്ചതിനു പിന്നാലെയാണ് ജില്ലയില്‍ കിസാന്‍ കല്യാണ്‍ സമ്മേളന് പരിപാടി സംഘടിപ്പിച്ചത്.
Discussion about this post