കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ദ്വിദിന സന്ദർശനത്തിനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ശാന്തിനികേതനിലെ വിശ്വ ഭാരതി യൂണിവേഴ്സിറ്റി സന്ദർശിക്കും. ചരിത്ര പ്രാധാന്യമുള്ള യൂണിവേഴ്‌സിറ്റി പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.
വിശ്വ ഭാരതി യൂണിവേഴ്സിറ്റി സന്ദർശനത്തിനിടെ യൂണിവേഴ്‌സിറ്റിയുടെ സ്ഥാപകനായ രബീന്ദ്രനാഥ ടാഗോറിന് അമിത് ഷാ ആദരവർപ്പിക്കുമെന്നാണ് ലഭ്യമായ വിവരങ്ങൾ. ശേഷം മാധ്യമങ്ങളെ കാണും. മാത്രമല്ല, സ്റ്റേഡിയം റോഡിലെ ഹനുമാൻ മന്ദിർ മുതൽ ബോൽപുർ സർക്കിൾ വരെ നടക്കാനിരിക്കുന്ന റോഡ് ഷോയിലും അദ്ദേഹം പങ്കെടുക്കും. ശനിയാഴ്ചയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി പശ്ചിമ ബംഗാളിലെത്തിയത്.
ഇന്ന് ഡൽഹിയിലേക്ക് മടക്കുന്നതിന് മുമ്പ് ബിർഭുമിലെ മൊഹോർ കുതിറിൽ വെച്ച് അമിത് ഷാ പ്രെസ്സ് കോൺഫറൻസ് സംഘടിപ്പിച്ചേക്കും. കഴിഞ്ഞ ദിവസം അദ്ദേഹം നോർത്ത് കൊൽക്കത്തയിലുള്ള സ്വാമി വിവേകാനന്ദന്റെ ജന്മ സ്ഥലം സന്ദർശിക്കുകയും അദ്ദേഹത്തിന് ആദരവർപ്പിക്കുകയും ചെയ്തിരുന്നു. അമിത് ഷാ ബംഗാളിലെത്തിയ ആദ്യ ദിവസമായ ഇന്നലെ പതിനൊന്ന് എംഎൽഎമാരും ഒരു എംപിയുമാണ് ബിജെപിയിൽ ചേർന്നത്.
Discussion about this post