എറണാകുളം: കാര്‍ഷിക നിയമം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭ സമ്മേളനം ചേരാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനത്തിന് അനുമതി നല്‍കാത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ സ്വാഗതം ചെയ്ത് കേന്ദ്ര മന്ത്രി വി.മുരളീധരന്. നിയമസഭയെ രാഷ്ട്രീയകളിക്കുള്ള വേദിയാക്കാനുള്ള നീക്കമാണ് സര്‍ക്കാരും പ്രതിപക്ഷവും നടത്തുന്നത്. ജനങ്ങളുടെ നികുതിപ്പണം രാഷ്ട്രീയ നേട്ടത്തിന് ദുരുപയോഗിക്കാന്‍ അനുവദിക്കില്ലെന്ന ഗവര്‍ണറുടെ നിലപാട് ശ്ലാഘനീയമാണെന്നും വി.മുരളീധരന് പറഞ്ഞു.
”പ്രത്യേക സമ്മേളനം ചേരാന്‍ അടിയന്തിര സാഹചര്യം സംസ്ഥാനത്തില്ലെന്ന ഗവര്‍ണറുടെ വിലയിരുത്തല്‍ തീര്‍ത്തും ശരിയാണ്. പ്രത്യേക സമ്മേളനത്തിലൂടെ ഭരണപക്ഷം ലക്ഷ്യമിടുന്നത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണ്. ഇതിന് പിന്തുണ നല്‍കുകയാണ് പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസ്. എന്ത് ചര്‍ച്ച ചെയ്യണമെന്ന് തീരുമാനിക്കുന്നത് മന്ത്രി സഭയാണെന്ന് സമ്മതിക്കുക വഴി തങ്ങള്‍ പ്രതിപക്ഷത്താണോ അതോ ഭരണകക്ഷിയുടെ ഭാഗമാണോയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം. ഇക്കാര്യത്തിലുള്ള സര്‍ക്കാരിന്റെ വാദങ്ങള്‍ ബാലിശമാണ്. ഈ തീരുമാനമെടുത്ത ഗവര്‍ണറെ അഭിനന്ദിക്കുന്നു. ഗവര്‍ണറുടെ തീരുമാനത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തുന്നവരുടെ രാഷ്ട്രീയ താത്പര്യം ജനങ്ങള്‍ തിരിച്ചറിയും” -വി.മുരളീധരന് വ്യക്തമാക്കി.
Discussion about this post