ന്യൂഡൽഹി: ബ്രിട്ടനിൽ കണ്ടെത്തിയ ജനിതക മാറ്റം വന്ന കൊറോണ വൈറസ് ഇന്ത്യയിലിതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം. വൈറസ് വകഭേദം സംബന്ധിച്ച് ആശങ്ക വേണ്ടെന്നും പക്ഷെ, ജാഗ്രത കൈവിടരുതെന്നും നീതി ആയോഗ് അംഗം വി.കെ പോൾ അറിയിച്ചിട്ടുണ്ട്.
വകഭേദം വന്ന വൈറസുകൾ കോവിഡ് തീവ്രത വർധിപ്പിക്കുകയോ മരണനിരക്ക് കൂട്ടുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. “ബ്രിട്ടനിൽ കണ്ടെത്തിയ വൈറസ് വകഭേദത്തിൽ 17 മാറ്റങ്ങളുണ്ട്. മനുഷ്യകോശത്തിലേക്ക് കയറാനുള്ള ശേഷിയിൽ കരുത്തു നേടിയെന്നതാണ് പ്രധാനം. ഇതോടെ വൈറസ് കൈമാറ്റം ചെയ്യപ്പെടാനുള്ള സാധ്യത 70 ശതമാനത്തിലും അധികമായി.
നേരത്തെ, വൈറസ് ബാധിച്ച രണ്ടു പേരിൽ നിന്നും മൂന്നു പേരിലേക്കാണ് പകർന്നിരുന്നതെങ്കിൽ ഇപ്പോൾ ഒരാളിൽ നിന്ന് തന്നെ 2.5 പേർക്ക് എന്ന നിരക്കിലാണ് ബ്രിട്ടനിൽ വ്യാപനം നടക്കുന്നത്”-വി.കെ പോൾ കൂട്ടിച്ചേർത്തു.
Discussion about this post