ഇസ്ലാമാബാദ്: പാകിസ്ഥാനിൽ നിർബന്ധിത മതപരിവർത്തനം വർദ്ധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പാക് ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് ദക്ഷിണ ഏഷ്യൻ മനുഷ്യാവകാശ സംഘം.
രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലും ഇതിനെതിരെ ഒരുതരത്തിലുള്ള നടപടികളെടുക്കാനും സർക്കാർ തയ്യാറാകുന്നില്ലെന്ന് ദക്ഷിണ ഏഷ്യൻ മനുഷ്യാവകാശ സംഘം കുറ്റപ്പെടുത്തി. സൗത്ത് ഏഷ്യൻ കളക്ടീവ്സ് (എസ്എസി) നടത്തിയ സർവേയിലൂടെ പാകിസ്ഥാനിൽ നടക്കുന്ന ന്യൂനപക്ഷ പീഡനം പുറത്തു വന്നതിനു പിന്നാലെയാണ് രൂക്ഷവിമർശനവുമായി ദക്ഷിണ ഏഷ്യൻ മനുഷ്യാവകാശ സംഘം രംഗത്തുവന്നത്.
ജനങ്ങളുടെ സുരക്ഷിതത്വവും അഭിപ്രായസ്വാതന്ത്ര്യവും രാജ്യത്ത് ചോദ്യചിഹ്നമായി മാറിയിരിക്കുകയാണെന്നും ഭരണകൂടത്തിനെതിരെ സംസാരിക്കുന്നവരെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ വെയ്ക്കുകയാണ് ചെയ്യുന്നതെന്നും എസ്എസിയുടെ റിപ്പോർട്ടിൽ പറയുന്നു. ആയിരത്തിലധികം നിർബന്ധിത ന്യൂനപക്ഷ മത പരിവർത്തനങ്ങളാണ് പാകിസ്ഥാൻ മനുഷ്യാവകാശ കമ്മീഷൻ സമർപ്പിച്ച വാർഷിക റിപ്പോർട്ട് പ്രകാരം സിന്ധ് പ്രവിശ്യയിൽ കഴിഞ്ഞ വർഷം നടന്നിട്ടുള്ളത്.
പാകിസ്ഥാനിൽ ഏറ്റവും കൂടുതൽ ഹിന്ദുക്കൾ വസിക്കുന്നത് സിന്ധ് പ്രവിശ്യയിലാണ്. ന്യൂനപക്ഷ പീഡനങ്ങൾക്ക് പാക് സർക്കാർ കൂട്ടുനിൽക്കുന്നുവെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
Discussion about this post