ഡൽഹി: കൊവിഡ് വാക്സിൻ വിതരണത്തിന് നിർണ്ണായക തയ്യാറെടുപ്പുകൾ നടത്തി രാജ്യം. ഇതിന്റെ ഭാഗമായി ഡിസംബര്‍ 28, 29 തീയതികളില്‍ നാല് സംസ്ഥാനങ്ങളില്‍ ഡ്രൈ റൺ നടത്തും. ആന്ധ്രപ്രദേശ്, അസം, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
വാക്‌സിന്‍ ശേഖരണം, ശീതീകരണ സംവിധാനം, വിതരണത്തിനുള്ള ക്രമീകരണങ്ങള്‍, ആള്‍ക്കൂട്ടം നിയന്ത്രിക്കാനുള്ള സംവിധാനം എന്നിവ ഡ്രൈ റണ്ണിൽ പരിശോധിക്കും. ശരിക്കുള്ള വാക്സിൻ കുത്തിവയ്പ് ഒഴികെയുള്ള എല്ലാ നടപടിക്രമങ്ങളും ഡ്രൈ റണ്ണില്‍ ഉണ്ടാകും. വാക്സിൻ വിതരണത്തിനുള്ള മാര്‍ഗരേഖകള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഡ്രൈ റണ്‍ നടത്തുന്നത്.
രാവിലെ 9 മുതല്‍ വൈകിട്ട് അഞ്ച് വരെ ഡ്രൈ റൺ നടത്തുമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. പ്രതിദിനം ഇരുന്നൂറ് പേര്‍ക്ക് വരെയാകും ഓരോ കേന്ദ്രത്തിലും വാക്സിൻ നൽകുക. കുത്തിവച്ചവരെ അരമണിക്കൂര്‍ നിരീക്ഷിക്കും. ഓരോ കേന്ദ്രത്തിലും ഡോക്ടര്‍ക്കു പുറമേ നഴ്‌സ്, ഫാര്‍മസിസ്റ്റ്, പൊലീസ്, ഗാര്‍ഡ് എന്നിവരും ഉണ്ടാകും.
കുത്തിവച്ച് അരമണിക്കൂറിനുള്ളില്‍ പാര്‍ശ്വഫലങ്ങള്‍ പ്രകടമായാല്‍ അവരെ ആശുപത്രിയിലേക്കു മാറ്റാനുള്ള സംവിധാനവും ഡ്രൈ റണ്ണിൽ ഒരുക്കും. നാല് സംസ്ഥാനങ്ങളിലെ രണ്ടു ജില്ലകളില്‍ വീതം അഞ്ച് സെഷനുകളിലായാണു ഡ്രൈ റണ്‍ നടപ്പാക്കുക. ബ്ലോക്ക്, ജില്ലാ തലത്തിലുള്ള ഒരുക്കങ്ങള്‍ ഡ്രൈ റണ്ണിൽ വിലയിരുത്തപ്പെടും.








