കാസർകോട്: ക്രിസ്മസ്- പുതുവത്സരാഘോഷങ്ങൾക്ക് വീര്യം പകരാൻ ലക്ഷങ്ങളുടെ കഞ്ചാവ് കടത്തിയ രണ്ട് പേർ പിടിയിൽ. ഉപ്പള പൈവളിഗ ചിപ്പാറ കൂടല്‍ വീട്ടില്‍ അബ്ദുള്‍ മുനീര്‍, ഉപ്പള ഗുരുഢപ്പദൗ സുംഗതകട്ട വീട്ടില്‍ മന്‍സൂര്‍ എന്നിവരാണ് പിടിയിലായത്. ആറ് കിലോഗ്രാം കഞ്ചാവും അര കിലോയിലധികം ഹാഷിഷ് ഓയിലും ഇവരിൽ നിന്നും പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം രാത്രി കൊടുവള്ളി പോലീസും ഡാന്‍സാഫ് ടീമും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. പ്രതികൾ സഞ്ചരിച്ചിരുന്ന മാരുതി കാറും പിടികൂടിയിട്ടുണ്ട്. കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളില്‍ മയക്കുമരുന്ന് മൊത്തക്കച്ചവടം ചെയ്യുന്നവരാണ് പ്രതികളെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി.
ദിവസങ്ങള്‍ക്ക് മുന്‍പ് 20 കിലോഗ്രാം കഞ്ചാവുമായി രണ്ട് കാസര്‍ഗോഡ് സ്വദേശികളെ പൊലീസ് പിടികൂടിയിരുന്നു. കേരളത്തിൽ എവിടെയും ആവശ്യക്കാർക്ക് കഞ്ചാവും ഹാഷിഷ് ഓയിലും എത്തിച്ചു നൽകുന്ന സംഘങ്ങൾ കാസർകോട് സജീവമാണ്. ആന്ധ്ര, ഒഡിഷ, കര്‍ണാടക എന്നിവിടങ്ങളിലെ മാവോയിസ്റ്റ് നിയന്ത്രണ മേഖലകളില്‍ മലയാളികളുടെ മേല്‍നോട്ടത്തിൽ കഞ്ചാവ് വാറ്റിയാണ് കാസർകോട് ലോബി ഹാഷിഷ് ഓയിലും പേസ്റ്റുകളും തയ്യാറാക്കുന്നത്. പത്ത് ലക്ഷം രൂപയ്ക്കടുത്ത് വിലവരുന്ന ലഹരി വസ്തുക്കളാണ് പ്രതികളിൽ നിന്നും പിടികൂടിയിരിക്കുന്നത്.












