തിരുവനന്തപുരം: 80 വയസ്സ് കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തപാൽ വോട്ടിന് സൗകര്യം. കോവിഡ് രോഗബാധിതർക്ക് തപാൽ വോട്ട് അനുവദിക്കണമോയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
കോവിഡിന്റെ പശ്ചാത്തലത്തിൽ രണ്ട് ഘട്ടമായി തിരഞ്ഞെടുപ്പ് നടത്താനാണ് ആലോചിക്കുന്നത്. എങ്കിലും, വിവിധ രാഷ്ട്രീയ പാർട്ടികളുമായി ചർച്ച നടത്തിയതിന് ശേഷം മാത്രമെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കു. അടുത്തയാഴ്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ സംസ്ഥാനത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ പറഞ്ഞു.
80 വയസ്സ് കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും തപാൽ വോട്ട് എന്നത് നിർബന്ധമാക്കില്ല. അപേക്ഷ നൽകുന്ന പക്ഷം തപാൽ വോട്ട് അനുവദിക്കും. അല്ലെങ്കിൽ സാധാരണ പോലെ പോളിങ് സ്റ്റേഷനിലെത്തി വോട്ട് ചെയ്യാം. ബാലറ്റ് പേപ്പർ തദ്ദേശ തിരഞ്ഞെടുപ്പിന് അനുവദിച്ച പോലെ വീട്ടിലെത്തിക്കില്ല. 80 വയസ്സ് കഴിഞ്ഞവരെയും ഭിന്നശേഷിക്കാരെയും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായിരിക്കും കണ്ടെത്തുക.












