മുങ്ങിക്കപ്പലുകളിൽ ഉയർന്ന പ്രവർത്തനക്ഷമതയുള്ള ലിഥിയം അയേൺ ബാറ്ററികൾ ഉപയോഗിക്കാനൊരുങ്ങി ഇന്ത്യൻ നാവികസേന. തദ്ദേശീയമായി ലിഥിയം അയേൺ ബാറ്ററികൾ നിർമിക്കാനാണ് നാവികസേന പദ്ധതിയിടുന്നത്.
ഇപ്പോൾ 100 ശതമാനം ലി-അയേൺ ബാറ്ററികളും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ബാറ്ററി ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ ചൈനയുമുൾപ്പെടുന്നുണ്ട്. അതിനാൽ, ഇന്ത്യയുടെ പുതിയ തീരുമാനം ചൈനയെ പ്രതികൂലമായി ബാധിക്കുമെന്ന് തീർച്ചയാണ്. ഉയർന്ന പ്രവർത്തനക്ഷമതയും ദീർഘകാലം ഉപയോഗിക്കാമെന്നതുമാണ് പരമ്പരാഗത ആസിഡ് ലെഡ് ബാറ്ററികളെ അപേക്ഷിച്ച് ലി-അയേൺ ബാറ്ററികളുടെ പ്രധാന സവിശേഷത. ഇത്തരം ബാറ്ററികളുടെ ഉപയോഗം മുങ്ങിക്കപ്പലുകൾ പോലുള്ളവയിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ വരുത്തും.
ഭാവിയിൽ വൻ മേൽക്കോയ്മ നേടാൻ സാധ്യതയുള്ളവയാണ് ലി-അയേൺ ബാറ്ററികൾ. അർജന്റീന, ബൊളീവിയ, ചിലി എന്നീ രാജ്യങ്ങളിലാണ് ലോകത്തെ ലിഥിയം ശേഖരത്തിന്റെ 54 ശതമാനവും കണ്ടെടുത്തിട്ടുള്ളത്. 2019-ൽ പ്രസിഡന്റ് രാംനാഥ് കോവിന്ദ് ഇതിലെ രണ്ടു രാഷ്ട്രങ്ങൾ സന്ദർശിച്ചതിന് പിന്നിൽ ലി-അയേൺ ബാറ്ററികൾ സംയുക്തമായി നിർമ്മിക്കാനുള്ള സാധ്യതകൾ കൂടി തേടുകയെന്ന ലക്ഷ്യം കൂടിയുണ്ടായിരുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ.
Discussion about this post