അമ്പലപ്പുഴ: അമ്പലപ്പുഴയിലെ സി.പി.എം നിലപാടില്‍ സി.പി.ഐയില്‍ അതൃപ്തി. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ നേട്ടം സി.പി.എം അംഗീകരിക്കാന്‍ തയാറാകുന്നില്ലെന്നാണ് സി.പി.ഐയുടെ പരാതി.
പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പ്രഖ്യാപനം നടത്തുന്നതിന് മുമ്പ് സി.പി.എമ്മിലെ ചില നേതാക്കള്‍ സമൂഹ മാധ്യമങ്ങളിലൂടെ ചില അംഗങ്ങളുടെ ചിത്രംവെച്ചുള്ള പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നതിലും അമര്‍ഷമുണ്ട്. കൂടാതെ, അമ്പലപ്പുഴ ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചാത്തുകളില്‍ ഒരു പ്രസിഡന്റ് സ്ഥാനംപോലും നല്കാന് സി.പി.എം നേതൃത്വം തയാറായില്ല.
അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തില്‍ മൂന്നില്‍ രണ്ടിലും സി.പി.ഐ ജയിച്ചു. കഴിഞ്ഞ തവണ പ്രസിഡന്റ് സ്ഥാനം പങ്കിട്ടിരുന്നു. ഇത്തവണ ഇതിന് തയാറായില്ല. വനിതസംവരണമായ ഇവിടെ വൈസ് പ്രസിഡന്റ് സ്ഥാനവും സി.പി.എം സ്വന്തമാക്കാനാണ് ലക്ഷ്യം. കോണ്‍ഗ്രസിന്റെ കുത്തക സീറ്റുകളാണ് സി.പി.ഐ പിടിച്ചെടുത്തത്. അതിന്റെ പരിഗണനപോലും സി.പി.എം നേതൃത്വം നല്‍കാത്തതില്‍ കടുത്ത അമര്‍ഷം സി.പി.ഐക്കുണ്ട്.
ആലപ്പുഴ ജില്ല പഞ്ചായത്തിലേക്ക് മത്സരിച്ച അഞ്ചിടത്ത് നാലിലും സി.പി.ഐ മികച്ച ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കഴിഞ്ഞ 10 വര്‍ഷമായി എല്‍.ഡി.എഫിന് നഷ്ടപ്പെട്ട അമ്പലപ്പുഴ ഡിവിഷന് സി.പി.ഐ തിരിച്ചുപിടിച്ചു. ഭൂരിപക്ഷം കണക്കിലെടുത്താല്‍ മൂന്നാം സ്ഥാനവും നേടാനായി. സി.പി.ഐക്ക് ലഭിച്ച ജനപിന്തുണ കണക്കിലെടുത്ത് അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സി.പി.ഐക്ക് നല്‍കണമെന്നാണ് നേതൃത്വം ആവശ്യപ്പെടുന്നത്. കൂടാതെ, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനവും സി.പി.ഐ ആവശ്യപ്പെടുന്നു.
Discussion about this post