തിരുവനന്തപുരം: വിസ്മയം സൃഷ്ടിച്ച് വിഴിഞ്ഞം ആഴിമല കടൽതീരത്തെ ശിവരൂപം. 6 വർഷം കൊണ്ടാണ് കേരളത്തിലെ ഏറ്റവും വലിയ ശിവരൂപത്തിന്റെ നിർമാണം പൂർത്തിയായത്. ശിവരൂപം പണികഴിപ്പിച്ചിട്ടുള്ളത് പുളിങ്കുടി ആഴിമല ശിവ ക്ഷേത്ര ദേവസ്വം ട്രസ്റ്റിന്റെ നേതൃത്വത്തിലാണ്.
ആഴിമല ശിവക്ഷേത്രത്തിനും കടൽ തീരത്തിനും മധ്യേയുള്ള പാറക്കൂട്ടങ്ങളുടെ മുകളിലാണ് ശിവരൂപം സ്ഥാപിച്ചിരിക്കുന്നത്. ശിവരൂപം നിർമ്മിച്ചത് പ്രദേശവാസിയും ശിൽപകലയിൽ ബിരുദധാരിയുമായ ദേവദത്തനാണ്. 50 അടിയുള്ള ശിവരൂപം ജഡ അഴിച്ചിട്ട് മുഖമുയർത്തി പാറയുടെ പുറത്തിരിക്കുന്ന രീതിയിലാണ്. ജഡയിൽ ഗംഗാ ദേവിയെ കുടിയിരുത്തിയിട്ടുണ്ട്. നാലു കൈകളിലൊന്നിൽ ത്രിശൂലവും വലംകയ്യിൽ ഉടുക്കുമുണ്ട്. മറ്റൊരു കൈ തുടയിൽ വച്ചിരിക്കുന്ന നിലയിലും മറ്റൊന്ന് ജഡയിൽ ചൂടിയുമാണ് കാണപ്പെടുന്നത്. കഴുത്തിൽ നാഗവും രുദ്രാക്ഷവും തലയോട്ടികളിലുമുള്ള മാലകളുമുണ്ട്.
കാറ്റിന്റെ ഗതി മനസ്സിലാക്കി ഈ ശിവരൂപം കോൺക്രീറ്റിലാണ് നിർമ്മിച്ചിരിക്കുന്നത്. അർധനാരീശ്വര രൂപവും ശിവന്റെ ശയന രൂപവും ഇതിൽ കാണാം. ശിവരൂപത്തിൽ ക്ഷേത്ര ഐതിഹ്യവും ആലേഖനം ചെയ്തിട്ടുണ്ട്. ധ്യാന മണ്ഡപം മുതൽ ശിവരൂപം വരെ തറ നിരപ്പിൽ നിന്നുള്ള ഉയരം 78 അടിയാണ്.











