ബംഗളൂരു: കർണാടകയിൽ രണ്ടു ഘട്ടങ്ങളിലായി നടന്ന ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി ബിജെപി. 20428 സീറ്റുകളിലാണ് ബിജെപി പിന്തുണച്ച സ്ഥാനാർത്ഥികൾ വിജയിച്ചത്.
19253 സീറ്റുകളിൽ കോൺഗ്രസ് പിന്തുണച്ച സ്ഥാനാർത്ഥികളും 12731 സീറ്റുകളിൽ ജെഡിഎസ് പിന്തുണച്ച സ്ഥാനാർത്ഥികളും വിജയിച്ചു. 5728 ഗ്രാമ പഞ്ചായത്തുകളിലേക്കുള്ള 82,616 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഡിസംബർ 22,27 തീയതികളിലായി നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചത് ബുധനാഴ്ച രാവിലെ 8 മണിയോടെയാണ്. 226 കേന്ദ്രങ്ങളിലായിട്ടായിരുന്നു വോട്ടെണ്ണൽ.
കോവിഡിന്റെ പശ്ചാത്തലത്തിലും ആവേശകരമായ വോട്ടെടുപ്പാണ് നടന്നത്. ആദ്യഘട്ടത്തിൽ 82 ശതമാനം പേരും രണ്ടാം ഘട്ടത്തിൽ 80.71 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി.








