മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 30 കോടി പേര്‍ക്ക് കോവിഡ് വാക്സിന് നല്‍കുന്നതിന്റെ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്ന് നീതി ആയോഗ് അംഗവും കൊവിഡ് ദേശീയ കര്‍മസേനയുടെ മേധാവിയുമായ ഡോ. വിനോദ് പോള്‍. ആദ്യ ഘട്ടത്തില്‍ കോവിഡ് വാക്സിന് നല്‍കുക മുന്‍ഗണനാ വിഭാഗത്തില്‍ പെട്ടവര്ക്കാകുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത ആറ് മുതല്‍ എട്ടുവരെ മാസങ്ങള്‍ക്കിടെ കോവിഡ് പോരാളികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പ്രായമേറിയവരെ പരിപാലിക്കുന്നവര്‍ക്കും വാക്സിന് നല്‍കും. 31 ഹബ്ബുകളും 29,000 വാക്സിനേഷന് പോയിന്റുകളും വാക്സിന് വിതരണത്തിനായി സജ്ജമാക്കും. തയാറെടുപ്പുകള്‍ രാജ്യവ്യാപകമായി തുടങ്ങിക്കഴിഞ്ഞു. വാക്സിന് നിര്‍മാണ കമ്പനികളും സര്‍ക്കാരും വിതരണം നടത്തുന്നവരുമെല്ലാം ഒറ്റ സംഘമായാണ് പ്രവര്‍ത്തിക്കുക. 30 കോടി പേരെയാണ് മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കോവിഡ് മരണങ്ങള് കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് അപകടസാധ്യത കൂടുതലുള്ളവരെ കണ്ടെത്തി വാക്സിന് നല്‍കുന്നത്.
അതേസമയം വാക്സിന് വിതരണവുമായി ബന്ധപ്പെട്ട് ഡ്രൈ റണ്‍ ഇന്ന് നടക്കും. കേരളം അടക്കം എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഡ്രൈ റണ്‍ നടത്തും. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് മണി വരെയാണ് ഡ്രൈ റണ്‍ നടക്കുക.
വാക്സിന് കുത്തിവെപ്പ് ഒഴികെയുള്ള വിതരണത്തിലെ എല്ലാ ഘട്ടങ്ങളും ഡ്രൈ റണില്‍ പരിശോധിക്കും. വാക്സിന് വിതരണത്തില്‍ പാളിച്ചയുണ്ടോ എന്ന് കണ്ടെത്തുകയാണ് ഡ്രൈ റണിന്റെ ലക്ഷ്യം. ഒരോ കുത്തിവെപ്പ് കേന്ദ്രത്തില്‍ ഇരുപത്തിയഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് മോക്ക് വാക്സിന് നല്‍കുന്നത്.
Discussion about this post